നാടിനെ ഞെട്ടിച്ച ക്രൂരത: തൊണ്ണൂറുവയസുകാരിയായ ആദിവാസി സ്ത്രീയ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
കണ്ണൂര്‍: തൊണ്ണൂറുവയസുകാരിയായ ആദിവാസി സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഇയാളെ പൊലിസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ് ഇരിട്ടിക്കടുത്തെ ആറളം ഫാം പുനരധിവാസ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം. കീഴ്പള്ളി വട്ടപറമ്പിലെ പുരയിടത്തില്‍ ബെന്നിയാണ്(45) പൊലിസ് പിടിയിലായത്.
സ്ത്രീപീഡനത്തിനും ആദിവാസി പീഡനത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ലൈംഗീകപീഡനത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലുളള ആദിവാസി വയോധിക തലശ്ശേരി ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാര്‍ച്ച് നാലിന് വയോധിക കൊടും പീഡനത്തിനിരയായത്. രാത്രി പുഴക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്.

ആദ്യം പേടിച്ച് ഇവര്‍ വിവരം മറ്റുള്ളവരോട് പറയാന്‍ തയാറായിരുന്നില്ല. ബന്ധുക്കളോടു പോലും ഈക്കാര്യം മറച്ചുവെച്ചു. എന്നാല്‍ ഈക്കാര്യം രഹസ്യമായറിഞ്ഞ ആദിവാസി പ്രമോട്ടര്‍ പ്രമോദ് വിവരം ആറളം പൊലിസില്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. അവശനിലയിലായ വയോധികയെ സന്നദ്ധ സേവകരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച ആംബുലന്‍സില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.പ്രതി മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പൊലിസ് പരിശോധിക്കുന്നുണ്ട്. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരിട്ടി ഡി.വൈ. എസ്. പി സാജുകെ എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസന്വേഷിക്കുന്നത്.












Click it and Unblock the Notifications