പയ്യന്നൂരില്‍ ഐസ്‌ക്രീം പാര്‍ലര്‍ കുത്തിതുറന്ന് പണം കവര്‍ന്ന കേസ്: പ്രതി ക്യാമറയില്‍ കുടുങ്ങിയെന്ന്!
പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ദേശീയ പാതയ്ക്ക് സമീപത്തെ ഐസ്‌ക്രീം കടയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.30 ഓടെ പെരുമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്‍വശത്തായുള്ള ഫലൂദ ഐസ്‌ക്രീം ഷോപ്പിലാണ് മോഷണം നടന്നത്. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. 40നും 45നും ഇടയില്‍ പ്രായമുള്ള ഒരാള്‍ മുഖം മറച്ചെത്തി മോഷണം നടത്തുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടയുടെ വലതുവശത്തെ ചുമരിലെ ഇഷ്ടിക തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ കടയില്‍ നിന്നും മണം പിടിച്ച് കടയുടെ പിറകില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേര്‍സിന്റെ സമീപത്തേക്ക് പോവുകയും തുടര്‍ന്ന് റോഡിലേക്ക് പോവുകയുമായിരുന്നു. നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി പയ്യന്നൂര്‍ എസ്എച്ച്ഒ ആര്‍ ഹരിപ്രസാദ് പറഞ്ഞു. കടയുടമ ഷാനിജിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത് .

മറ്റൊരു കേസില്‍ ക്ഷേത്രഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍. പയ്യന്നൂര്‍ ടൗണ്‍ ടാക്‌സി സ്റ്റാന്റിന് സമീപത്തെ പാവൂര്‍ ഗുരുനാഥ സമാധി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലാണ് കാസര്‍കോട് ബളാല്‍ അത്തിക്കടവിലെ സി.വി ഹരീഷ്‌കുമാര്‍ (44) പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ചയില്‍ രാവിലെ 7.30 ഓടെയാണ് സംഭവം.
പിടിയൂരി മാറ്റിയ പിക്കാസുമായി പോകുകയായിരുന്ന ആളെപറ്റി നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ക്ഷേത്ര ഭണ്ഡാരം തകര്‍ത്തതായി കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസിന്റെ പരിശോധനയില്‍ മോഷ്ടാവ് പിടിയിലാവുകയായിരുന്നു. മറ്റു മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നറിയാന്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത സംഭവത്തില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കൊക്കാനിശ്ശേരിയിലെ കെ.വി രാജഗോപാല്‍ പോലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications