പ്രണയനൈരാശ്യത്തിൽ ഏഴിമല നാവിക അക്കാദമിക്ക് നേരെ ഭീഷണി: പ്രതിയെ പയ്യന്നൂരിലെത്തിക്കുമെന്ന് പോലീസ്
പഴയങ്ങാടി: ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ച പ്രതിയെ നാട്ടിലെത്തിക്കാൻ പയ്യന്നുർ പോലീസ് നീക്കം തുടങ്ങി. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എംസി പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ മനോജ് കാനായിയും സംഘവും നടത്തിയ സമർത്ഥമായ അന്വേഷണമാണ് പ്രതിയെ കുരുക്കിയത്. പ്രതിക്ക് ഹാജരാകാന്‍ നോട്ടിസ് നല്കിയ സംഘം കേസന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.ഇ പ്രേമചന്ദ്രന് മുമ്പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇയാളെമുംബൈ പൊലിസിൻ്റെ സഹായത്തോടെ അടുത്ത ദിവസം തന്നെ പയ്യന്നൂർ പൊലിസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് സൂചന.
മുംബൈ അന്ധേരിയില്‍ താമസിക്കുന്ന 42കാരന് അങ്കിത് ശര്‍മ്മയാണ് സംഭവത്തിലെ സൂത്രധാരന്‍. കത്തില്‍ ഉപയോഗിച്ച എയ്ഞ്ചല്‍ റോയി, രോഹിത് ശര്‍മ്മ എന്നീ രണ്ട് പേരുകളാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്. നേരത്തെ സൗദി അറേബ്യയിലെ സ്കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം അയച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. അന്ന് ദേശീയ പത്രത്തില്‍ വന്ന റിപോര്‍ട്ടില്‍ ഇയാള്‍ ഉപയോഗിച്ച രണ്ട് പേരുകള്‍ സൂചിപ്പിച്ചിരുന്നു. ഈ പേരുകള്‍ തന്നെയാണ് ഏഴിമല നാവിക അക്കാദമിയിലേക്ക് വന്ന കത്തിലും ഉണ്ടായിരുന്നത്. അന്ന് കേസന്വേഷിച്ച മുംബൈയിലെ കഫ് പരേഡ് പോലിസ് സ്റ്റേഷനിലും വീര്‍ സോവ സ്റ്റേഷനിലും സൂക്ഷിച്ച കേസ് രേഖകകളില്‍ നിന്ന് പഴയ ഭീഷണി കത്തിന്റെ പകര്‍പ്പ് പയ്യന്നൂര്‍ പോലീസിന് ലഭിച്ചിരുന്നു.
സമാന പേര് കണ്ടെത്തിയതോടെ അങ്കിത് ശര്‍മ്മയിലേക്ക് പോലിസ് എത്തുകയായിരുന്നു. ഇതിനു പിന്നാലെ രാജ്യരക്ഷാ വകുപ്പില്‍ ജോലി ചെയ്യുന്ന യുവതിയില്‍ നിന്നും പയ്യന്നൂര്‍ പോലിസ് മൊഴിയെടുത്തു. യുവതി മറ്റൊരാളെ വിവാഹം ചെയ്തു കഴിയുകയാണെന്ന് വിവരം ലഭിച്ചതോടെ വിലാസം തേടി പിടിച്ച് പോലിസ് ചോദ്യം ചെയ്യുകയായിരുന്നു. പ്രതിയെ കുറിച്ച് അറിയില്ലെന്നും പ്രണയിക്കുന്ന കാര്യം പോലും അറിയില്ലെന്നും യുവതി മൊഴി നല്കി. ഇതിനിടയിലാണ് മുമ്പ് സൗദി എംബസിക്ക് നേരെ ഭീഷണി അയച്ച കേസില്‍ പിടിയിലായ അങ്കിത് ശര്‍മ്മയെ കുറിച്ച് മുംബൈ പോലിസില്‍ നിന്നും വിവരം ലഭിക്കുകയും അന്നത്തെ പത്രവാര്‍ത്തകള്‍ കേസന്വേഷണത്തിന് വഴിത്തിരിവായതും.
കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതില്‍ പ്രകോപിതനായ ഇയാള്‍ വരുത്തിയ വിനയില്‍ എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പയ്യന്നൂര്‍ പോലിസുമായി നിരന്തരം അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. രാജ്യത്തെ തന്ത്ര പ്രധാനമായ ആഭ്യന്തര സുരക്ഷാ മേഖലയായ പൂന, ഏഴിമല, ഹൈദരബാദ് എന്നിവിടങ്ങളിലാണ് സിഖ് ഫോര്‍ ജസ്റ്റിസ്, ടിബറ്റന്‍ ഫോര്‍ ജസ്റ്റിസ് എന്നീ പേരുകളില്‍ ഭീഷണി സന്ദേശം അയച്ചത്. നേരത്തെ ഏഴിമല നാവിക അക്കാദമിക്ക് മുകളിലൂടെ അജ്ഞാത ഡ്രോൺ പറത്തിയ സംഭവത്തിലും പൊലിസ് അന്വേഷണം നടത്തി വരികയാണ്.