കണ്ണൂർ ചിറയ്ക്കലിൽ പോലീസിനെതിരെ വെടിയുതിർത്ത കേസ്; ഒരാൾ അറസ്‌റ്റിൽ
കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ചിറയ്ക്കൽ ചിറയ്ക്കു സമീപമുള്ള വീട്ടിൽ നിന്നും റെയ്‌ഡിനിടെ പോലീസിന് നേരെ വെടിവെച്ച ചിറക്കൽ സ്വദേശി റോഷനെ(46) പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. വധശ്രമ കേസുകളിൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ റോഷൻ സംഭവത്തിന് ശേഷം കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് നാട്ടിലേക്ക് മടങ്ങും വഴി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ വ്യാഴാഴ്ച്ച ഉച്ചയോടെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറക്കൽ ചിറയിലെ വീട്ടിൽ നവംബർ മൂന്നിന് രാത്രി പത്തരയോടെ ഇയാളെ കസ്‌റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ റോഷന്റെ പിതാവ് ഡോ.ബാബു ഉമ്മൻ തോമസ് വളപട്ടണം എസ്.ഐക്കും സംഘത്തിനുമെതിരെ വെടിയുതിർത്തിരുന്നു.

തുടർന്ന് കണ്ണൂർ സിറ്റി എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് വീടു വളഞ്ഞ് ബാബു ഉമ്മൻ തോമസിനെ കീഴടക്കിയത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. നവംബർ മൂന്നിനായിരുന്നു പ്രതിയെ തപ്പി പൊലീസ് ചിറക്കൽ ചിറയ്ക്കു സമീപം താമസിക്കുന്ന ഡോ: ബാബു ഉമ്മൻ തോമസിന്റെ വീട്ടിലെത്തുന്നത്. പോലീസ് എത്തിയപ്പോൾ വീടാക്രമണത്തിനെത്തിയ സംഘമാണെന്ന് കരുതി ഡോ. ബാബു ഉമ്മൻ തോമസ് വെടിവയ്ക്കുകയായിരുന്നു.
വധശ്രമം , ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡോ.ബാബു ഉമ്മൻ തോമസിനെ അറസ്‌റ്റ് ചെയ്തത്. ഇതിനിടെയിൽ വീട്ടിലെ മുറിയിൽ ഒളിച്ചിരുന്ന വധശ്രമ കേസിലെ പ്രതിയായ റോഷൻ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 22ന് തമിഴ്‌നാട് കല്ലുക്കുറിച്ചി സ്വദേശിയായ പിപി ബാലാജിയെ ചിറയ്ക്കൽ ചിറയ്ക്കു സമീപമുള്ള താമസസ്ഥലത്തു നിന്നും വധിക്കാൻ ശ്രമിച്ചതിനാണ് റോഷനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.
അങ്ങനെയാണ് പോലീസ് ഇയാളെ തിരക്കി വീട്ടിലെത്തിയത്. കോളിങ് ബെൽ അടിച്ചിട്ടും മുൻ വശത്തെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പുറകു വശത്തെ ഗോവണി വഴി ഒന്നാം നിലയിൽ കയറി റോഷൻ ഒളിച്ചിരിക്കുന്ന മുറിയുടെ വാതിലിൽ മുട്ടി വിളിക്കുകയും ചെയ്യുന്നതിനിടെയാണ് വളപട്ടണം എസ്ഐ നിഥിനും സംഘത്തിനുമെതിരെ ബാബു ഉമ്മൻ തോമസ് മൂന്നുതവണ വെടി വെച്ചത്.
എസ ഐ യും സംഘവും തറയിൽ കിടന്നതു കാരണമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. തന്റെ വീടാക്രമിക്കാൻ വന്നവർക്കെതിരെയാണ് വെടി വെച്ചതെന്നും പോലിസിനെതിരെയല്ലെന്നും ഡോക്ടർ ബാബു ഉമ്മൻ തോമസ് മൊഴി നൽകിയിരുന്നു. കേസ് അന്വേഷണത്തിനിടെ പോലീസിനൊപ്പമെത്തിയ ചിലർ വീടിന്റെ ജനൽ ചില്ലുകളും മുൻ വശത്ത് നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തിരുന്നു.












Click it and Unblock the Notifications