അബുദാബിയില്‍ കണ്ണൂര്‍ സ്വദേശിനിയുടെ മരണം; കൊലപാതകമാണെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: അബുദാബിയില്‍ ഭര്‍തൃമതിയായ യുവതി ഫ്ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തില്‍ ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയിലാണ്. അലവില്‍ കുന്നാവ് സ്വദേശിനി എംപി മനോഗ്നയെ (31) ആണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ലിനേക് കൈ ഞരമ്പ് മുറിച്ചുരക്തം വാര്‍ന്ന നിലയിലാണ് കാണപ്പെട്ടതെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് മരണം നടന്നതെന്നാണ് പ്രാഥമിക സൂചന. മനോഗ്ന ദുബായില്‍ വെബ് ഡെവലപ്പറായി ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികള്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

മരണം നടന്ന ഞായറാഴ്ച്ചയും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും ഫ്ളാറ്റ് മുറിയില്‍ നിന്നും ശബ്ദം കേട്ടതായി പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പരേതനായ സുബ്രഹ്‌മണ്യന്റെയും സുമയുടെയും ഏക മകളാണ് മനോഗ്ന. പൊലിസ് നടത്തുന്ന അന്വേഷണത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുളളൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകൂ.
2021 ഏപ്രില്‍ 21-ന് താണ മാണിക്കക്കാവിന് സമീപത്തെ ലിനേകും മനോഗ്നയും വിവാഹിതരായത്. ഇതിനു ശേഷം ഭര്‍ത്താവിനൊപ്പം മനോഗ്ന ഗള്‍ഫിലേക്ക് പോവുകയായിരുന്നു. ഗള്‍ഫില്‍ നിന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി മുഖേനെയാണ് ഇതിനായുളള ശ്രമങ്ങള്‍ നടന്നുവരുന്നത്. ഇതിനായി ഗള്‍ഫിലുളള ചില സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്.












Click it and Unblock the Notifications