പാനൂര്‍ കൊലപാതകം: കേസിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂര്‍ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മനസൂര്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയത് വളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍.കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇതിനിടെ മന്‍സൂറിനെ കൊലപ്പെടുത്തുന്നതിന് അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
അതേസമയം, പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം വഴി തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏല്പിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications