'മനു തോമസിന് ബിജെപിയിൽ നിന്ന് പോരാടാം'; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് അബ്ദുള്ളക്കുട്ടി;
കണ്ണൂര്‍: മുന്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘത്തിനെതിരെ മനു തോമസിന് ബി.ജെ.പിയില്‍ നിന്നും പോരാടാമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ വിമാന താവളം കേന്ദ്രീകരിച്ചു നടത്തുന്ന സ്വര്‍ണക്കടത്തിന് സി.പി.എം കണ്ണൂര്‍ ലോബിയുമായി ബന്ധമുണ്ട്. സ്വര്‍ണ് കടത്തുമായി ബന്ധപ്പെട്ട സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന മനു തോമസിന്റെ ആരോപണത്തെ കുറിച്ചു ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

നേരത്തെ താന്‍ ഇടതുപക്ഷത്ത് തുടരുമെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുന്നതിനെ കുറിച്ചു ആലോചിക്കുന്നില്ലെന്നും മനു തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ നേതൃത്വം മുന്‍ സി പി എം നേതാവും എം.പിയുമായ അബ്ദുള്ളക്കുട്ടി വഴി മനു തോമസിനെ ബി.ജെ.പിയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹിത്വമാണ് പാര്‍ട്ടി മനു തോമസിന് ഓഫര്‍ നല്‍കിയിട്ടുള്ളതെന്നാണ് പുറത്തു വരുന്ന വിവരം,
അതേസമയം മനു തോമസിന്റെ ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസും ആവശ്യപ്പെട്ടു. മനു തോമസ് പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണം. കത്തില്‍ സിപിഎം നേതാക്കളുടെ പേരടക്കം ഉള്‍പ്പെട്ട സാഹചര്യം അതീവ ഗൗരവമുള്ളതാണ്. കത്തില്‍ പരാമര്‍ശിച്ച വ്യക്തിയെ യുവജന കമ്മീഷന്‍ ചെയര്‍മാനാക്കുകയാണ് എം വി ജയരാജന്‍ ചെയ്തത്. ഇത്തരം മാഫിയാ സംഘങ്ങളെ നിയമത്തിന് വിടാതെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എം കൈ കൊള്ളുന്നതെന്നും സിപിഎം ഓഫീസാണ് ഗുണ്ടാ സംഘത്തിന്റെ പ്രഭവ കേന്ദ്രമെന്നും എന്‍ ഹരിദാസ് ആരോപിച്ചു. എതിരാളികളെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചതിനാലാണ് ഈ സംഘത്തിന് സി പി എം സംരക്ഷണം നല്‍കുന്നതെന്നും ഹരിദാസ് പറഞ്ഞു.












Click it and Unblock the Notifications