സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മനു തോമസിൻ്റെ പരാതി പുറത്ത്; ഉത്തരം മുട്ടി കണ്ണൂർ ജില്ലാ നേതൃത്വം
കണ്ണൂർ : യുവജനകാര്യ കമ്മിഷൻ ചെയർമാനും പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ എം ഷാജറിനെതിരെ മനു തോമസ് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നതോടെ പ്രതിരോധത്തിലായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. പാർട്ടിക്ക് ഒരു നേതാവിൻ്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള പരാതി ലഭിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെയാണ് പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചത്.വിഷയത്തിൽ ജില്ലാ നേതൃത്വം മൗനം പാലിക്കുകയാണ്.
അന്നത്തെ സഹപ്രവർത്തകനും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മറ്റിയംഗവുമായഎം.ഷാജർ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നുള്ള മനു തോമസിൻ്റെ പരാതിയാണ് പുറത്ത് വന്നത്. ഷാജറിനെതിരെ നൽകിയ പരാതിയിൽ നടപടിയില്ലെന്ന് ചൂണ്ടികാട്ടിയാണ് സി പി എം സംസ്ഥാന സെക്രട്ടറിക്ക് മനുതോമസ് കത്ത് എഴുതിയത്.സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളുള്ള വ്യക്തികളുമായി ചേർന്നാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് കത്തിൽ മനു തോമസ് സൂചിപ്പിക്കുന്നത്.
ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സ് ആപ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച വോയിസ് ക്ലിപ്പ് വന്നു എന്നും കത്തിൽ പറയുന്നുണ്ട്.

പാർട്ടിക്ക് നൽകിയ പരാതിയിൽ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് മനു തോമസ് തുറന്നു പറഞ്ഞത്. എന്നാൽ ഈ കാര്യം സി.പി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിഷേധിച്ചിരുന്നു പരാതിയിൽ കഴമ്പില്ലെന്ന് കണ്ടാണ് തളളിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനിടെ മനു തോമസിനെതിരെ തൻ്റെ ഫെയ്സ്ബുക്ക് പേജിൽ സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ വിമർശനവുമായി രംഗത്ത് വന്നത് വിവാദമായിട്ടുണ്ട്.
.












Click it and Unblock the Notifications