മാവോയിസ്റ്റിനെ ഉപേക്ഷിച്ച സംഭവം; കാഞ്ഞിരക്കൊല്ലിയില്‍ തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ നടത്തി
ശ്രീകണ്ഠാപുരം: കര്‍ണാടക വനത്തില്‍ കാട്ടാനയുടെ അക്രമത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകനെ ആറംഗ മാവോയിസ്റ്റ് സംഘം കാഞ്ഞിര ക്കൊല്ലിയിലെചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ കണ്ണൂര്‍ റൂറല്‍ പൊലിസും വനം വകുപ്പും സംയുക്ത അന്വേഷണം ഊര്‍ജ്ജിതമാക്കി. കാഞ്ഞിരക്കൊല്ലി ,ചിറ്റാരി വനമേഖലയില്‍ പൊലിസും വനം വകുപ്പും ശനിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പാടം കവലയില്‍ ക്യാംപ് ചെയ്താണ് തെരച്ചില്‍ നടത്തുന്നത്.
വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി അംഗം ചിക്കമംഗ്‌ളൂര് അങ്ങാടി സ്വദേശി പ്രദീപ് എന്ന സുരേഷിനെ (58നെയാണ് പരുക്കേറ്റ നിലയില്‍ മാവോയിസ്റ്റ് സംഘം ചിറ്റാരി പുഴയോരത്ത് എത്തിച്ചത്. മൂന്നു ദിവസം മുന്‍പ് വനമേഖലയിലുടെ സഞ്ചരിക്കുമ്പോള്‍ കാട്ടാനയുടെ പരുക്കേറ്റ സുരേഷിന് ചികിത്സ ലഭിക്കുന്നതിനാണ് ജനവാസ മേഖലയില്‍ എത്തിച്ചത്. സുരേഷ് 2002 മുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്നാണ് പൊലിസ് പറയുന്നത്.

ആദ്യം മാവോയിസ്റ്റ് സംഘത്തിലെ രണ്ടു പേര്‍ കോളനിയിലെത്തി ഭക്ഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി പണം നല്‍കി അടുത്ത കടയില്‍ നിന്നും പച്ചരി, തീപ്പെട്ടി പപ്പടം അച്ചാര്‍ എന്നീ സാധനങ്ങള്‍ വാങ്ങിപ്പിച്ചു. ഒരാള്‍ക്ക് സുഖമില്ല ആശുപത്രിയിലെത്തിക്കാന്‍ പറ്റുമോയെന്ന് ചോദിച്ച് ചിറ്റാരി പുഴയോരത്ത് മരകൊമ്പ് കെട്ടിയ ഊഞ്ഞാലില്‍ ചുമന്നാണ് സുരേഷിനെ എത്തിച്ചത്. അവിടെ നിന്നും ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ വലതുകാല്‍ മുട്ടില്‍ തുണികൊണ്ടു കെട്ടിയ സുരേഷിനെ താങ്ങി കൊണ്ടുവരികയായിരുന്നു.
സംഘത്തിലൊരാള്‍ സുരേഷിന്റെ പോക്കറ്റില്‍ പണവും നിക്ഷേപിച്ചു. കാട്ടാന അക്രമിച്ചതാണെന്നും ചികിത്സ നല്‍കണമെന്നും പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. ഉടന്‍ വീട്ടുകാര്‍ വാര്‍ഡ് മെംപറെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏഴരയോടെ വിവരമറിഞ്ഞ് സമീപത്തെ സ്‌കൂള്‍ വാര്‍ഷികത്തില്‍ പങ്കെടുക്കുകയായിരുന്ന പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ പഞ്ചായത്തംഗം ജില്‍സണ്‍ കണികത്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധി കളുംനാട്ടുകാരും സ്ഥലത്തെത്തുകയും പയ്യാവൂര്‍ പൊലിസ് ഏര്‍പ്പാടാക്കിയ ആംബുലന്‍സില്‍ പാടാംകവലയില്‍ എത്തിച്ച് പൊലിസിന് കൈമാറുകയുമായിരുന്നു. പൊലിസാണ് ഇയാളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷം കനത്ത സുരക്ഷയിലാണ് സുരേഷ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്.












Click it and Unblock the Notifications