പയ്യാമ്പലത്തെ സ്തൂപം നശിപ്പിച്ചത് അപരിഷ്‌കൃത രാഷ്ട്രീയമെന്ന് ബിനീഷ് കോടിയേരി
കണ്ണൂര്‍: പയ്യാമ്പലത്ത് മണ്‍ മറഞ്ഞ സിപി.എം നേതാക്കളുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചതിനു ശേഷം നേതാക്കളും കുടുംബാംഗങ്ങളും പ്രതികരിച്ചത് അതിവൈകാരികമായി. തെരഞ്ഞെടുപ്പ് കാലത്ത് അക്രമം അഴിച്ചു വിട്ടവരെ ജനം തിരിച്ചറിയുമെന്നും കുറ്റക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി ആവശ്യപ്പെട്ടു.
തന്റെ പിതാവ് ഉള്‍പ്പെടെയുള്ളവരുടെ സ്തൂപം പയ്യാമ്പലത്ത് രാസലായനി ഉപയോഗിച്ചു വികൃതമാക്കിയത് അപരിഷ്‌കൃതരാഷ്ട്രീയമാണെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പ്രകോപനമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ചെയ്തതാണിത്.

ബോധപൂര്‍വ്വം പാര്‍ട്ടി പ്രവര്‍ത്തകരുടെ സമചിത്തത കൈവെടിയിക്കാനുള്ള നീക്കമാണ് നടത്തിയത്. എല്ലാവരും തെരഞ്ഞെടുപ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി നില്‍ക്കുന്ന വേളയിലാണ് സംഭവം നടന്നത്. ഇടതുപക്ഷത്തിന് നല്ല സാധ്യതയുള്ള തെരഞ്ഞെടു പാണ് നടക്കാന്‍ പോകുന്നത് അതില്ലാതെയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കരുത്തുറ്റ പാര്‍ട്ടിക്ക് മാത്രമേ പ്രശ്‌നങ്ങള്‍ സമചിത്തതയോടെ നേരിടാന്‍ കഴിയുമെന്ന് കോടിയേരി പറയാറുണ്ട്. അതു തന്നെയാണ് തനിക്കും പാര്‍ട്ടി പ്രവര്‍ത്തകരോട് പറയാനുള്ളതെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
തന്റെ പിതാവിന്റെ മാത്രമല്ല നാല് സ്മൃതി മണ്ഡപങ്ങള്‍ക്കു നേരെ അക്രമം നടന്നിട്ടുണ്ട്. ഒരു മകനെന്ന നിലയില്‍ ഈ കാര്യത്തില്‍ ദുഖമുണ്ടെന്നും വാര്‍ത്ത അറിഞ്ഞതു മുതല്‍ അമ്മ വിനോദിനി കരയുകയാണെന്നും അവര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
സ്പീക്കര്‍ എ.എന്‍ ഷംസീറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സ്പീക്കര്‍ പ്രതികരിച്ചില്ല. എല്ലാം ബിനീഷ് പറയുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എം.വി ജയരാജന്‍, നേതാക്കളായ ടി.വി രാജേഷ് എന്‍ ചന്ദ്രന്‍, കെപി സഹദേവന്‍, എം പ്രകാശന്‍ തുടങ്ങിയ നേതാക്കള്‍ സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ പ്രകടനവും നടന്നു.












Click it and Unblock the Notifications