പള്ളിയിലെ പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാന്‍ നോട്ടീസ്; ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി
മയ്യില്‍: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാന്‍ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി.
ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് മയ്യില്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിനെതിരെ നടപടി സ്വീകരിച്ചത്. ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നല്‍കിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്.

മയ്യില്‍ എസ് എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡി.ജി.പി മാറ്റിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിന്നും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മതസ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അതുകൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷമുള്ള മത പ്രഭാഷണത്തില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലാകരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് കണ്ണൂര്‍ മയ്യില്‍ പൊലീസാണ് പള്ളിക്ക് നോട്ടീസ് നല്‍കിയത്.
താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ, വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പൊലീസ് നല്‍കിയ മുന്നറിയിപ്പ്.
രാജ്യത്ത് പ്രവാചകനിന്ദയുമായി ബി.ജെ.പി. വക്താക്കളും സംഘപരിവാരവും രംഗത്ത് വന്നിരിക്കെ, അതിനെ പ്രതിരോധിക്കേണ്ട ഭരണകൂടവും പോലീസും വാദിയെ പ്രതിയാക്കുന്ന ചെയ്തിയുമായി മുന്നോട്ട് വന്നിരിക്കുകയാണെന്നും പിണറായിയുടെ ഭരണത്തില്‍ നീര്‍ക്കോലിയും ഫണം വിടര്‍ത്തുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീംചേലേരി ആരോപിച്ചു.
മയ്യില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് സംബന്ധമായി ജില്ലാ പോലീസ് മേധാവിയുമായും എ.സി.പി.യുമായും സംസാരിച്ചപ്പോള്‍ പോലീസിന്റെ ഉന്നതതലങ്ങളില്‍ നിന്ന് അത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് അറിഞ്ഞത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കരീം ചേലേരി പറഞ്ഞു.
പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി
തങ്ങളുടെ പരാതി സിറ്റി പൊലിസ് കമ്മിഷണര്‍ അനുഭാവപൂര്‍വ്വമാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ബാക്തിയും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഉടനടി അന്വേഷണം നടത്തി നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായി അബ്ദുള്‍ ബാക്തി പറഞ്ഞു.
ഡി ജി പി ക്ക് ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല അന്വേഷണമുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ ആരാധനാലയങ്ങള്‍ക്ക് ഉത്സവകാലങ്ങള്‍ക്കും മറ്റു സന്ദര്‍ഭങ്ങള്‍ക്കും നോട്ടിസ് നല്‍കുന്നത് സ്വാഭാവികമാണെന്നാണ് സേനയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. വോട്ടുബാങ്ക് പ്രീണനത്തിനായി സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്് സേനയുടെ ആത്മവീര്യം കുറയ്ക്കുമെന്നാണ് ഇവരുടെ പക്ഷം.
രണ്ടുമാസം മുന്‍പ് മുഴപ്പിലങ്ങാട് കൂരുംബക്കാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഉത്സവത്തിനിടെയില്‍ ക്രമസമാധാന പ്രശ്നമുണ്ടായാലും രാഷ്ട്രീയ കലഹങ്ങളുണ്ടായാലും ക്ഷേത്രഭാരവാഹികളെ അറസ്റ്റു ചെയ്യുമെന്നായിരുന്നു എടക്കാട് പൊലിസ് നല്‍കിയ നോട്ടിസില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications