കണ്ണൂര്‍ കലക്ടറേറ്റില്‍ വന്‍സുരക്ഷാ വീഴ്‌ച; പോലീസിനോട് റിപ്പോർട്ട് തേടി കളക്‌ടർ
കണ്ണൂര്‍: ജില്ലാഭരണ സിരാകേന്ദ്രമായ കണ്ണൂര്‍ കളക്‌ടറേറ്റില്‍ വന്‍സുരക്ഷാ വീഴ്‌ച. ജില്ലാ കളക്‌ടർ പോലീസിനോട് റിപ്പോര്‍ട്ടുതേടി. കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ സമരക്കാര്‍ കയറിയത്സി പൊലീസിന്റെ പിഴവാണെന്നു ചൂണ്ടിക്കാട്ടിയാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുളള കലക്ടര്‍ കണ്ണൂര്‍ സിറ്റിപൊലിസ് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടിയത്.
അതേസമയം, ഇവിടെ ഭരണകക്ഷി എംഎല്‍എ പരസ്യമായി പൊട്ടിത്തെറിച്ചത് നാടകീയരംഗങ്ങള്‍ സൃഷ്‌ടിച്ചു.വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ കളക്ടറേറ്റ് വളപ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തികച്ചും രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയം കണ്ണൂര്‍ ടൗണ്‍ എസ്ഐയുടെ അപക്വമായ സമീപനം കാരണം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് ആരോപണം.

ഭരണകവാടത്തില്‍ തടയാന്‍ പോലീസില്ലാത്തത് കാരണമാണ് സമരം ചെയ്യാനെത്തിയ നഴ്‌സുമാര്‍ കലക്ടറേറ്റ് വളപ്പിനുളളിലേക്ക് എത്തിയത്. കലക്ടറേറ്റിനു മുന്‍പില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പിങ്ക് പൊലിസ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയതാണ് പൊലീസിന്റെ അസാന്നിധ്യമുണ്ടാകാന്‍ കാരണമായത്. എന്നാല്‍ ഇതുമനസിലാക്കി കൊണ്ട് രമ്യമായി പരിഹരിക്കാന്‍ പറ്റുന്ന വിഷയത്തില്‍ കണ്ണൂര്‍ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്ഐ അധികാരത്തിന്റെ ഭാഷ ഉപയോഗിച്ചതും പ്രോട്ടോക്കോൾ മറികടന്നു കൊണ്ടു സംസാരിച്ചതുമാണ് എംഎൽഎയെ പ്രകോപിച്ചത്.
ഇതോടെ കണ്ണൂര്‍ ടൗണ്‍ എസ്‌ഐയോട് എം വിജിന്‍ എം. എല്‍. എ ക്ഷുഭിതനായി തട്ടിക്കയറി. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുക, തസ്തിക പുനക്രമീകരണം നടത്തി നഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് നടത്തിയ നഴ്‌സുമാരെ തടയാന്‍ കലക്ടറേറ്റ് ഗേറ്റില്‍ പോലീസുകാരില്ലാത്തതിനെ തുടര്‍ന്ന് കലക്ടറേറ്റിനകത്തെ ആംഫി തീയേറ്ററില്‍ കയറിയ സമരക്കാര്‍ അവിടെ സമരം ആരംഭിച്ച ഉടന്‍ സമരം പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ടൗണ്‍ എസ്‌ഐ പി പി ഷമീല്‍ കല്ല്യാശേരി എംഎല്‍എ എംവിജിനോട് അകത്ത് സമരം നടത്തിയാല്‍ കേസെടുക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഉദ്ഘാടകനായെത്തിയ എം വിജിന്‍ എം എല്‍ എ അവിടെ തന്നെ സമരം ഉദ്ഘാടനം നടത്തുകയായിരുന്നു.
തുടര്‍ന്ന് ഉദ്ഘാടനത്തിന് ശേഷം വനിതാ പോലീസ് എംഎല്‍എയോട് പേര് ചോദിച്ചത് രംഗം കൂടുതല്‍ വഷളാക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐയോട് കയര്‍ത്ത എംഎൽഎ സുരേഷ് ഗോപി സ്‌റ്റൈല്‍ തന്നോട് വേണ്ടെന്നും പിണറായി സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നത് ഇത്തരം ഉദ്യോഗസ്ഥരാണെന്നും തുറന്നടിച്ചു. സമരം നടക്കുന്ന വിവരമറിഞ്ഞിട്ടും ഗേറ്റില്‍ പോലീസിനെ നിര്‍ത്താത്തത് എസ്‌ഐയുടെ വീഴ്ചയാണെന്നും എം എല്‍ എ പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കവാടത്തിലൂടെ സമരക്കാര്‍ ഉളളിലേക്ക് പ്രവേശിച്ചത് വന്‍സുരക്ഷാ വീഴ്‌ചയാണെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications