മാതമംഗലത്തെ വീടുകയറിയുള്ള കവര്‍ച്ച: മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തി
കണ്ണൂര്‍: മാതമംഗലം പാണപ്പുഴ റോഡില്‍ മാത്ത് വയലില്‍ റിട്ട. എസ്ബി. ഐഉദ്യോഗസ്ഥന്റെ വീട് കുത്തിതുറന്ന് 23 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മുഖ്യ പ്രതിയായ പാലക്കാട് നെന്മാറ അയലൂര്‍ പൂഴിക്കാമ്പാറ സ്വദേശി ഷട്ടര്‍ ജലീല്‍ എന്ന ജലീലിനെ (36) പോലീസ് ചോദ്യം ചെയ്തതോടെ മോഷണമുതലുകള്‍ വില്‍പന നടത്തിയത് കണ്ടെത്തി. ഇയാളുടെ കൂട്ടാളിയായ പാലക്കാട് സ്വദേശിയും കാസര്‍കോട് ബദിയടുക്ക നെക്രാജെ അര്‍ളടുക്കത്ത് താമസക്കാരനുമായ കാജാ ഹുസൈനും(55) ചേര്‍ന്ന്
കാസര്‍ഗോഡ് ടൗണിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗറില്‍ താമസക്കാരനുമായ അബ്ദുള്‍ ലത്തീഫിന്റെ (46) സഹായത്തോടെ കാസര്‍ഗോഡ്, കുമ്പള എന്നിവിടങ്ങളിലെ ജ്വല്ലറികളിലും മറ്റും വില്പന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശിയായ മോഷ്ടാവിനെ കൂടി പോലീസ് സംഘം പിടികൂടിയിരുന്നു. പാലക്കാട് കൊപ്പംകവര്‍ച്ചയില്‍ മുഖ്യ പ്രതി ജലീലിനൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് പയ്യന്നൂര്‍ ഡിവൈഎസ്.പി.യുടെ ക്രൈം സ്‌ക്വാഡ് ഇയാളെ പിടികൂടിയത്.

പ്രതിയെ പാലക്കാട് പോലീസിന് കൈമാറുകയും ചെയ്തു. റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടി ചോദ്യം ചെയ്യുന്നതോടെ മറ്റ് ചില കവര്‍ച്ചാ കേസുകളും തെളിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. ഇക്കഴിഞ്ഞ ജൂണ്‍ 19 ന് പുലര്‍ച്ചെ 3.15 മണിയോടെയാണ് മോഷ്ടിച്ചഇരുചക്രവാഹനത്തിലെത്തിയ സംഘം പാണപ്പുഴ മാത്ത് വയലിലെ റിട്ട. ബേങ്ക് ഉദ്യോഗസ്ഥന്‍ പി.ജയപ്രസാദിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. വീടു കുത്തിതുറന്ന മോഷ്ടാക്കള്‍ അകത്തെ നാലുമുറികളിലെ അലമാരകള്‍ കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ട് കമ്മലും ഉള്‍പ്പെടെ 16 ലക്ഷം രൂപ വിലരുന്ന ആഭരണങ്ങള്‍ കവര്‍ന്നു.
കവര്‍ച്ചക്ക് ശേഷം രണ്ടു പ്രതികളും ഇരുചക്ര വാഹനത്തില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് മഴക്കോട്ടിട്ട് ഓടിച്ചു പോകുകയായിരുന്നു. 40 ദിവസത്തോളം പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് കവര്‍ച്ചക്കാര്‍ പിടിയിലായത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. പയ്യന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയത് ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മുന്നൂറിലേറെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതിനു ശേഷമാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications