മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്: നവകേരള ജ്യോതിയില്‍ തിളങ്ങി മട്ടന്നൂര്‍
മട്ടന്നൂര്‍: നവകേരള ജ്യോതിയുടെ പ്രഭയില്‍ തിളങ്ങി മട്ടന്നൂര്‍ മണ്ഡലം. നവകേരള സദസ് മട്ടന്നൂര്‍ മണ്ഡലതല പ്രചരണ പരിപാടികളുടെ ഭാഗമായാണ് മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും കേന്ദ്രങ്ങളില്‍ നവകേരള ജ്യോതി തെളിയിച്ചത്. മട്ടന്നൂര്‍ നഗരസഭയുടെ നവകേരള ജ്യോതി ബസ് സ്റ്റാന്‍ഡില്‍ കേരള ഭൂപടത്തിന്റെ മാതൃകയിലാണ് ഒരുക്കിയത്. ഷാജി അക്ഷരയാണ് ഭൂപടം വരച്ചത്.
5000 ചിരാതുകള്‍ തെളിയിച്ചു. കേരളീയ വസ്ത്രമണിഞ്ഞ സ്ത്രീകളും പുരുഷന്മാരും അണിനിരന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി, തിരുവാതിര, ബാലസഭ പ്രവര്‍ത്തകരുടെ ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയവ അരങ്ങേറി. ഡോ. സുമിതാ നായര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ അധ്യക്ഷയായി.

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഒ പ്രീത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം രതീഷ്, സംഘാടക സമിതി ജനറല്‍ കണ്‍വീനറായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സംസ്ഥാന കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു, മട്ടന്നൂര്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി രേഖ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മട്ടന്നൂര്‍ മണ്ഡലതല നവകേരള സദസ്സിന്റെ പ്രചരണാര്‍ഥവും മാലിന്യ മുക്ത നവകേരളത്തിന്റെയും ഭാഗമായി മട്ടന്നൂര്‍ സ്റ്റാന്‍ഡില്‍ ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചു. 'ജലം ജീവജലം തെളിനീരായി കാക്കുക നാം' എന്ന സന്ദേശം നല്‍കുന്നതാണ് ഇന്‍സ്റ്റലേഷന്‍. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ടാപ്പില്‍ നിന്നും വെള്ളം ഒഴുകുന്നതാണ് മാതൃക. മട്ടന്നൂരിലെ ഷാജി അക്ഷരയാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്.
എകെജി സഹകരണ ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഒ പ്രീത, നഗരസഭ സെക്രട്ടറി എസ് വിനോദ്കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, സംസ്ഥാന കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications