• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് വ്യാപനം: മട്ടന്നൂർ നഗരം വീണ്ടും ഞായാറാഴ്ച്ച ലോക്ക് ഡൗണിലേക്ക്

  • By Desk

മട്ടന്നൂര്‍: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മട്ടന്നൂര്‍ നഗരത്തില്‍ ഞായറാഴ്ച്ച ലോക്ഡൗണായിരിക്കുമെന്ന് നഗരസഭാധ്യക്ഷ അനിതാ വേണു അറിയിച്ചു. വായന്തോടു മുതല്‍ ഇരിട്ടി റോഡില്‍ കോടതി വരെയും തലശ്ശേരി റോഡില്‍ കനാല്‍ വരെയുമുള്ള കടകളാണ് അടച്ചിടുക. ഹോട്ടലുകള്‍ക്ക് പാഴ്‌സല്‍ നല്‍കാമെന്നും നഗരസഭാധ്യക്ഷ അറിയിച്ചു. കിഴല്ലുര്‍,വേങ്ങാട്, പിണറായി, മാങ്ങാട്ടിടം, കോട്ടയം, കതിരൂര്‍, മാലൂര്‍,പാട്യം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭാ പരിധിയിലും ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആചരിക്കും.

ഇരിക്കൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രവും ഹൈടെക്കാവുന്നു: മലയോര ജനതയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപനം

ഇതിനിടെ പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന് കോവിഡ് സ്ഥീരീകരിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇരിട്ടി മാടത്തിയില്‍ വെച്ച് നടന്ന ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസിഡന്റിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് മൂന്നു ദിവസം അടച്ചിടും. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നവരാത്രി ഉത്‌സവാഘോഷങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ കര്‍ശനനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്തിറങ്ങി. ഇതിനായി സംഘാടകര്‍ക്ക് മാര്‍ഗനിര്‍ദേശരേഖ നല്‍കിയിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ, രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നടത്തണം. നാവില്‍ ആദ്യക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയുള്ളവ ഒറ്റതവണ മാത്രമേ ഉപയോഗിക്കാവു. വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ക്ഷേത്രങ്ങളില്‍ അടക്കം വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ ഫോണ്‍ നമ്പര്‍ വിശദാംശങ്ങള്‍ അടക്കം ശേഖരിക്കണം. 65 വയസിന് മുകളില്‍ ഉള്ളവരും ഗര്‍ഭിണികളും 10 വയസിന് താഴെയുള്ള കുട്ടികളും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ജില്ലയില്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തുന്ന വ്യാപകമായ പരിശോധനകള്‍ ജില്ലയില്‍ തുടരുകയാണ്. ഇതിനകം 1467 കേസുകള്‍ ചാര്‍ജ് ചെയ്തു. ഇതോടെ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എടുത്ത കേസുകളുടെ എണ്ണം 2619 ആയി. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേയാണ് ഏറ്റവും കൂടുതല്‍ നടപടി സ്വീകരിച്ചത്.

1405 പേര്‍ക്കെതിരെയാണ് നടപടി.സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 755 ഉം സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ 165 ഉം കേസുകളെടുത്തു. പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയതിന് 79 ഉം മാസ്‌ക്കും സാനിറ്റൈസറും ലഭ്യമാക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 137 ഉം നിയമങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നവര്‍ക്കെതിരേ 39 ഉം കേസുകളും ചാര്‍ജ് ചെയ്തു. തലശ്ശേരി 383, കണ്ണൂര്‍ 302, തളിപ്പറമ്പ് 297, പയ്യന്നൂര്‍ 260, ഇരിട്ടി 225 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Mattannur corporation goes to lockdown after Covid spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X