മട്ടന്നൂര്‍-കുറ്റ്യാടി കണ്ണൂര്‍ നാലുവരി പാത; ഭൂമി ഏറ്റെടുക്കൽ സാമൂഹ്യാഘാത പഠനത്തിന് ശേഷമെന്ന്

പാനൂര്‍ :മട്ടന്നൂര്‍ - കുറ്റ്യാടി കണ്ണൂര്‍ വിമാനത്താവള നാലുവരിപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് സാമൂഹ്യാഘാതപഠനത്തിനു ശേഷംമാത്രമായിരിക്കുമെന്ന് കെ. പി മോഹനന്‍ എം. എല്‍. എ അറിയിച്ചു. ചൊക്‌ളി പഞ്ചായത്ത് ഹാളില്‍ സ്പീക്കറും തലശേരി മണ്ഡലം എം. എല്‍. എയുമായ എ. എന്‍ഷംസീര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും, ജനപ്രതിനിധികളുടെയും ഭൂമിയും കടകളും നഷ്ടപ്പെടുന്നവരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
സാമൂഹ്യ ആഘാത പഠനത്തിന് ശേഷം മാത്രമേ സര്‍ക്കാര്‍ മറ്റു നടപടികളിലെക്ക് പോകുകയുള്ളൂ. അതിന്റെ നടപടി ക്രമത്തിന്റെ ഭാഗമായാണ് ഭൂമി അളന്ന് ഏതൊക്കെ സ്ഥലങ്ങളാണ് ഉള്‍പ്പെടുന്നതെന്ന് പരിശോധിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമായി 600 കോടിയാണ് കിഫ്ബിയില്‍ നിന്നും മാറ്റി വെച്ചത്. നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ രീതിയില്‍ നഷ്ടപരിഹാരം ഉറപ്പു വരുത്തിയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ജനങ്ങളെ ആശങ്കയകറ്റി, നഷ്ടപരിഹാരമുറപ്പു വരുത്തി മാത്രമെ പദ്ധതിയുമായി മുന്നോട്ടു പോകൂവെന്നും എം. എല്‍. എ അറിയിച്ചു.
പള്ളി ഖബര്‍സ്ഥാനില്‍ കൂടി റോഡ് വികസനം വരുന്നത് വൈകാരികമായി കണ്ട് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നത് കേരളം പോലെയുള്ള സംസ്ഥാനത്തില്‍ യോജിച്ചതല്ലെന്നും, വികസനത്തിന്റെ പേരില്‍ പള്ളികളും, അബലങ്ങളും, ചര്‍ച്ചുകള്‍ വരെ പൊളിച്ചുമാറ്റി തന്നവരുടെ നാടാണ് നമ്മുടെതെന്നും പെരിങ്ങത്തൂര്‍ ജുമഅ: മസ്ജിദ് സെക്രട്ടറി കൂടത്തില്‍ സിദ്ധീഖ് ഉന്നയിച്ച ആശങ്കയ്ക്ക് മറുപടിയായി സ്പീക്കര്‍ എ. എന്‍ ഷംസീര്‍ പറഞ്ഞു. അടയാള കല്ല് ഇടുന്നതോടെ ആ ഭൂമി സര്‍ക്കാറിന്റെതായി എന്ന പ്രചരണം തെറ്റാണെന്നും, പഠനത്തിന്റെ ഭാഗമായുള്ള നടപടിക്രമം മാത്രമാണതെന്നും കെപി. മോഹനന്‍ പറഞ്ഞു.റോഡ് വികസനമുണ്ടാകുമ്പോള്‍ വീടും, കടകളും, ഭൂമിയും നഷ്ടപ്പെടുന്നവരും പങ്കെടുത്ത യോഗത്തില്‍ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സികെ രമ്യ അധ്യക്ഷയായി. സി പി ഐ എം പാനൂര്‍ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ആവോലം ബഷീര്‍, ഷാനിദ് മേക്കുന്ന്, കെഎം പവിത്രന്‍, മുഹമ്മദ് വലിയാണ്ടി പീടിക, സിഎം ഭാസ്‌ക്കരന്‍, സുരേന്ദ്രന്‍ മേക്കുന്ന്, കൂടത്തില്‍ സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications