Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ തദ്ദേശ അദാലത്തില്‍ ഭൂരിപക്ഷം പരാതികളിലും അനുകൂല തീരുമാനമെടുത്തുവെന്ന് എംബി രാജേഷ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ തദ്ദേശ അദാലത്തില്‍ ഭൂരിപക്ഷം പരാതികളിലും അനുകൂല തീരുമാനമെടുത്തതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അദാലത്തില്‍ ലഭിച്ച ആകെ പരാതികളില്‍ (വൈകീട്ട് അഞ്ച് മണി വരെ) 1550 എണ്ണത്തില്‍ 1256 എണ്ണം തീര്‍പ്പാക്കി. 1104 പരാതികളില്‍ അനുകൂല തീരുമാനമെടുത്തു. അനുകൂല ശതമാനം 88. തള്ളിയത് 152. തുടര്‍പരിശോധനയ്ക്ക് വിട്ടത് 294.

മുന്‍കൂര്‍ ലഭിച്ച പരാതികള്‍ 1188. മുഴുവനും തീര്‍പ്പാക്കി. അനുകൂലം 1036. അനുകൂല ശതമാനം 87.2. തള്ളിയത് 152. അദാലത്ത് ദിവസം ലഭിച്ചത് 362 പരാതികള്‍. 68 പരാതികളും അനുകൂലമായി തീര്‍പ്പാക്കി. അനുകൂല ശതമാനം 100. തുടര്‍പരിശോധന 294. ചില പരാതികളുടെ തീര്‍പ്പ് പൊതുവായ ചട്ട ഭേദഗതികളിലേക്ക് നയിച്ചതായി മന്ത്രി അറിയിച്ചു.

kannur

കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ എല്ലാം പാലിച്ചിട്ടുണ്ടെങ്കില്‍, പ്ലോട്ട് ഏരിയയില്‍ കുറവോ കൂടുതലോ വന്നു എന്ന കാരണത്താല്‍ പെര്‍മിറ്റ് റദ്ദാക്കുന്ന ചട്ടത്തില്‍ ഇളവ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടം 19(5) ലാണ് ഇളവ് നല്‍കുക. കണ്ണൂരില്‍ നടന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാതല അദാലത്തില്‍ വിളയാങ്കോട് സ്വദേശി പി.പി. ദാമോദരന്റെ പരാതി പരിഗണിച്ചാണിത്.

സംസ്ഥാനത്തെങ്ങും ആയിരക്കണക്കിന് പേര്‍ക്ക് ഈ ഇളവ് ഗുണകരമാവും. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റിനായി അപേക്ഷിക്കുമ്പോള്‍ നല്‍കിയ അപേക്ഷയില്‍ സമര്‍പ്പിച്ച ആകെ ഭൂമിയില്‍ നിന്നും 21 സെന്റ് സ്ഥലം നിര്‍മ്മാണത്തിനിടെ സാമ്പത്തിക ബാധ്യത വന്നതിനെ തുടര്‍ന്ന് ദാമോദരന്‍ വില്‍പ്പന നടത്തിയിരുന്നു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ നേരത്തേ നിര്‍മ്മാണ പെര്‍മിറ്റ് അനുവദിച്ച സ്ഥലത്തിന്റെ അളവില്‍ വ്യത്യാസമുള്ളതായി കണ്ടെത്തി.

ഇക്കാരണം പറഞ്ഞ് കെട്ടിട നമ്പര്‍ നിഷേധിക്കുകയായിരുന്നു. നിലവിലുള്ള ചട്ടപ്രകാരം അംഗീകൃത പ്ലാനില്‍ ഉള്‍പ്പെട്ട പ്ലോട്ടിന്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വില്‍ക്കുകയോ ചെയ്താല്‍ അനുവദിച്ച പെര്‍മിറ്റ് അസാധുവാകും. ആകെ സ്ഥലത്തിന്റെ അളവിലുള്ള കുറവല്ലാതെ അപേക്ഷകന്റെ നിര്‍മ്മിതിയില്‍ മറ്റ് ചട്ടലംഘനങ്ങളൊന്നും ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ കാര്യങ്ങള്‍ പരിഗണിച്ചാണ് പരാതിക്കാരന് അനുകൂലമായ തീരുമാനം എടുത്തത്. ഈ ഇളവ് എല്ലാവര്‍ക്കും ഗുണകരമാവുന്ന പൊതുതീരുമാനമാക്കി മാറ്റുകയും ചെയ്തു. ഇതിന് ആവശ്യമായ ചട്ട ഭേദഗതി നടത്തും. വില്‍പ്പനയ്ക്ക് പുറമെ ദാനം, റോഡിന് വിട്ടുനല്‍കല്‍, ഭൂമി അധികമായി ആര്‍ജിക്കല്‍ തുടങ്ങിയ കാരണങ്ങളാലും പ്ലോട്ടിന്റെ അളവില്‍ വ്യത്യാസം വന്നാല്‍ അനുവദിച്ച പെര്‍മിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്.

കെട്ടിട നിര്‍മാണത്തിന് മറ്റ് വിധത്തില്‍ ചട്ടലംഘനങ്ങള്‍ വരാത്തവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനാലാണ് പ്ലോട്ട് ഏരിയയില്‍ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെര്‍മ്മിറ്റ് നിലനില്‍ക്കുന്ന നിലയില്‍ ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത്. ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടുകള്‍, നിര്‍മ്മാണത്തിനിടെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തതുപോലെ പ്രകൃതി ദുരന്തങ്ങളില്‍ തകര്‍ന്നാല്‍, തിരിച്ചടവില്‍ നിബന്ധനകളോടെ ഇളവ് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.

ആന്തൂര്‍ മോറാഴയിലെ വിവി നിഷയുടെ അപേക്ഷ പരിഗണിച്ചാണ് പ്രഖ്യാപനം. ലൈഫ്-പി എം എ വൈ ഭവന പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കുന്നതിന് അനുവദിച്ച ഒന്നര ലക്ഷം രൂപയ്ക്കും പലിശയുമാണ് ഒഴിവാക്കി നല്‍കിയത്. ലൈഫ് പി എം എ വൈ പദ്ധതിയിലൂടെ നിഷ വീടിന്റെ ലിന്റല്‍ വരെയുള്ള പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഒന്നര ലക്ഷം രൂപയും ലഭിച്ചു.

എന്നാല്‍ 2018ലെ പ്രളയത്തില്‍ വീട് 10 മീറ്ററോളം ഇടിഞ്ഞു താഴ്ന്നുപോയി. പരിശോധന നടത്തിയ തദ്ദേശ വകുപ്പ് എഞ്ചിനീയര്‍ കെട്ടിടം സുരക്ഷിതമാക്കാന്‍ ചുരുങ്ങിയത് 16 ലക്ഷം രൂപ ചെലവില്‍ സുരക്ഷാഭിത്തി നിര്‍മ്മിക്കേണ്ടിവരുമെന്ന് നിര്‍ദ്ദേശിച്ചു. ഇതില്ലാതെ സ്ഥലം നിര്‍മ്മാണ യോഗ്യമല്ലെന്നും എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തി. ഇതോടെ നിര്‍മ്മാണം നിലച്ചു. ഭവനപദ്ധതിയില്‍ നിന്ന് സഹായം ലഭിക്കുകയും കെട്ടിടം പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്താല്‍ വര്‍ഷം 18% പലിശയോടെ സഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണം എന്നാണ് വ്യവസ്ഥ.

മത്സ്യ കച്ചവടക്കാരനായ ഭര്‍ത്താവ് സന്തോഷ് കുമാറിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതിനാണ് അദാലത്തില്‍ പരിഹാരമായത്. ഒന്നര ലക്ഷം രൂപയും പലിശയുമാണ് ഒഴിവാക്കി നല്‍കിയത്. സമാനമായ സംഭവങ്ങളില്‍ നിബന്ധനകള്‍ക്കും പരിശോധനകള്‍ക്കും വിധേയമായി ഇളവ് അനുവദിക്കുമെന്ന പൊതുതീരുമാനവും അദാലത്ത് കൈക്കൊണ്ടു.

സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുമ്പോള്‍ ഡയപ്പര്‍ വാങ്ങാന്‍, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തദ്ദേശ സ്ഥാപനത്തിന് സഹായം നല്‍കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടോ സ്പോണ്‍സര്‍ഷിപ്പോ പരിഗണിക്കാം. ഇക്കാര്യം പദ്ധതി മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തും. കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതില്ല.

കണ്ണൂര്‍ ജില്ല തദ്ദേശ അദാലത്തില്‍ വന്ന പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് സംസ്ഥാനത്താകെയുള്ള രോഗബാധിതരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം. കണ്ണാടിപ്പറമ്പിലെ എം അഷിന്റെ സഹോദരി സെറിബ്രല്‍ പാള്‍സി ബാധിതയാണ്. സ്‌കൂളില്‍ പോകുമ്പോള്‍ സഹോദരിക്ക് ദിവസവും ആവശ്യമായ ഡയപ്പര്‍ വാങ്ങാന്‍ തദ്ദേശ സ്ഥാപനത്തില്‍ നിന്ന് ആവശ്യമായ സഹായം തേടിയാണ് അഷിന്‍ അദാലത്തില്‍ എത്തിയത്.

നാറാത്ത് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നോ സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തിയോ ആവശ്യമായ തുക നല്‍കാന്‍ നിര്‍ദ്ദേശിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഡയപ്പര്‍ വാങ്ങാനുള്ള തുകക്ക് നാറാത്ത് പഞ്ചായത്തില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനായി പ്രത്യേക പദ്ധതികളില്ലാത്തതിനാല്‍ നടപ്പിലാക്കാനായില്ല. ഇതോടെയാണ് ഭിന്നശേഷിക്കാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അദാലത്തില്‍ വിഷയം പരിഗണിച്ചത്.

പ്രത്യേക കേസായി പരിഗണിച്ച് കുടുംബത്തിന്റെ വരുമാന പരിധി നോക്കാതെ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്തുകയോ സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്തുകയോ ചെയ്യണമെന്നാണ് അദാലത്തില്‍ നിര്‍ദേശിച്ചത്. അധിക എഫ് എ ആര്‍ ഫീസ് അടച്ച് പെര്‍മിറ്റ് എടുക്കുകയും നിര്‍മ്മാണം നടത്തുകയും ചെയ്ത കെട്ടിടം, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം നിശ്ചിത എഫ് എ ആര്‍ പരിധിയിലാണെങ്കില്‍ ഒടുക്കിയ അധിക ഫീസ് തിരിച്ചുനല്‍കും.

എഫ് എ ആര്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരാന്‍ തീരുമാനിച്ച ചട്ട ഭേദഗതിയില്‍ ഈ കാര്യം കൂടി ഉള്‍പ്പെടുത്തും. നിശ്ചയിച്ച ഫ്ളോര്‍ ഏരിയ റേഷ്യോ പാലിക്കാന്‍ കഴിയാത്ത കെട്ടിടങ്ങള്‍ക്കാണ് പ്രത്യേക ഫീസ് അടച്ച് ഇളവ് നല്‍കാന്‍ നിയമമുള്ളത്. ഈ അധിക ഫീസ് അടച്ചാല്‍ നിശ്ചിത പരിധിയിലധികമുള്ള എഫ് എ ആര്‍ വരുന്ന നിലയില്‍ കെട്ടിടം നിര്‍മ്മിക്കാനാകും.

നിശ്ചിത പരിധിയിലധികം എഫ് എ ആര്‍ അനുവദിക്കുന്നതിനാണ് ഈ ഫീസ് ഈടാക്കുന്നത്. പെര്‍മിറ്റിനൊപ്പം ഈ ഫീസ് അടയ്ക്കുകയും, കെട്ടിടം പൂര്‍ത്തിയായ ശേഷം എഫ് എ ആര്‍ പരിശോധിക്കുമ്പോള്‍ നിശ്ചിത പരിധിക്ക് അകത്തുമാണെങ്കില്‍ ഫീസ് അനാവശ്യമായി ഒടുക്കിയതായി വരും. ഈ സാഹചര്യത്തില്‍ ഇത്തരം കെട്ടിട ഉടമകള്‍ക്ക് അടച്ച അധിക എഫ് എ ആര്‍ ഫീസ് തിരികെ നല്‍കാനാണ് നിര്‍ദ്ദേശിച്ചതെന്ന് മന്ത്രി അറിയിച്ചു.

കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനീര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മുനീറിന്റെ താണയിലെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ നിയമപ്രകാരം നിര്‍ദേശിക്കപ്പെട്ട എഫ് എ ആര്‍ പരിധിയിലായിരുന്നു കെട്ടിടം. എന്നാല്‍ പെര്‍മിറ്റ് എടുത്തപ്പോള്‍, അധിക എഫ് എ ആര്‍ ഫീസ് അടച്ചിരുന്നു. ഈ തുക തിരികെ വേണമെന്ന ആവശ്യവുമായാണ് മുനീര്‍ അദാലത്തിന് എത്തിയത്.

ഈ തീരുമാനത്തിന്റെ ഗുണം സംസ്ഥാനത്തെ നിരവധി പേര്‍ക്ക് ലഭിക്കും. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് എടുത്ത് ശേഷം ഏതെങ്കിലും കാരണവശാല്‍ നിര്‍മ്മാണം നടക്കാതെ ഉപേക്ഷിക്കപ്പെട്ടാല്‍, ഈടാക്കിയ അധിക എഫ് എ ആര്‍ ഫീസ് തിരിച്ചുനല്‍കാന്‍ എറണാകുളം തദ്ദേശ അദാലത്തില്‍ തീരുമാനിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചട്ടഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കാഴ്ചപരിമിതി നേരിടുന്ന എ സി സാദത്ത് മില്‍മാ ബൂത്ത് സ്ഥാപിക്കാനുള്ള സഹായം തേടിയാണ് എത്തിയത്. സ്വയം തൊഴില്‍ തുടങ്ങാന്‍ ആവശ്യമായ സഹായത്തിന് സാദത്ത് കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കതിരൂര്‍ പഞ്ചായത്തിലും പാനൂര്‍ ബ്ലോക്കിലും ഇതിന് ആവശ്യമായ പദ്ധതികളുണ്ടായിരുന്നില്ല. ഇതോടെയാണ് അദാലത്തില്‍ എത്തിയത്.

സങ്കടം അറിഞ്ഞുടന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസറുമായി അദാലത്ത് വേദിയില്‍ ചര്‍ച്ച നടത്തുകയും, ഭിന്നശേഷി കോര്‍പ്പറേഷനോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചോ മുഖേന സഹായം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനായി സാമൂഹ്യ നീതി ഓഫീസറെ ചുമതലപ്പെടുത്തി. സംരംഭത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ കതിരൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ കെട്ടിടം ഉപയോഗിക്കാന്‍ കഴിയുന്നിലെന്ന പരാതിയുമായാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ കെ. മുഹമ്മദ് ഹാജി തദ്ദേശ അദാലത്തിലെത്തിയത്. മുഹമ്മദ് ഹാജി അഞ്ച് വര്‍ഷം മുന്‍പാണ് ധനലക്ഷ്മി ബാങ്കില്‍ നിന്നും കീഴല്ലൂര്‍ വില്ലേജിലെ മൂന്ന് ഏക്കര്‍ 42 സെന്റ് സ്ഥലവും കെട്ടിടവും ലേലം ചെയ്‌തെടുത്തത്. എന്നാല്‍ കീഴല്ലൂര്‍ പഞ്ചായത്തിന്റെ രേഖകളില്‍ ഈ സ്ഥലത്തെ കെട്ടിടം ഉണ്ടായിരുന്നില്ല.

ഇതിനാല്‍ ഉടമസ്ഥാവകാശം മുഹമ്മദ് ഹാജിക്ക് മാറ്റിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കോടതി വഴിയുള്‍പ്പെടെ ശ്രമിച്ചിട്ടും പരിഹരിക്കാനാവാതെ അഞ്ച് വര്‍ഷമായി അലയുന്ന വിഷയവുമായാണ് മുഹമ്മദ് ഹാജി അദാലത്തില്‍ പരാതിയുമായി എത്തിയത്. മൂന്ന് ദിവസത്തിനകം കെട്ടിടത്തിന്റെ വിവരങ്ങള്‍ സഞ്ചയ സോഫ്റ്റ് വെയറില്‍ ചേര്‍ത്ത് കെട്ടിട നമ്പര്‍ പുനഃസ്ഥാപിച്ച് നല്‍കാന്‍ ഉത്തരവിട്ടതായി മന്ത്രി അറിയിച്ചു.

കെട്ടിടം നിര്‍മ്മിച്ചത് രജിസ്‌ട്രേഷന് മുമ്പായതിനാല്‍ പഴയ ഉടമയുടെ പേരില്‍ തന്നെ പുനഃസ്ഥാപിച്ച് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇത് എളുപ്പത്തില്‍ മുഹമ്മദ് ഹാജിയുടെ പേരിലേക്ക് മാറ്റി നല്‍കാനാവും. തുടര്‍ന്ന് ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും നികുതി ഒടുക്കുകയും ചെയ്യാം. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കടമുറി ഉപയോഗിക്കാനാവാത്ത സമയത്ത് നഗരസഭയ്ക്ക് നല്‍കേണ്ട വാടകയില്‍ തദ്ദേശ അദാലത്തില്‍ ഇളവ് അനുവദിച്ചത് പറശ്ശിനിക്കടവ് സ്വദേശിനിയായ എ.വി രേഷ്മക്ക് ആശ്വാസമായി.

ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നതിനായാണ് കടമുറി ലേലത്തിലെടുത്തത്. എന്നാല്‍ കടമുറിയില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. നഗരസഭ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഒന്നര വര്‍ഷം കാലതാമസം എടുത്തതിനാല്‍ അത്രയും നാള്‍ കടമുറി അടച്ചിടുകയായിരുന്നു. വാടക ഇനത്തില്‍ കുറവ് നല്‍കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും മൂന്ന് മാസത്തെ വാടക മാത്രമാണ് ഇളവ് നല്‍കിയത്.

വായ്പ തിരിച്ചടവും കുടിശ്ശിക തീര്‍ക്കലുമായി വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനാല്‍ വാടക ഇളവ് മുഴുവനായി അനുവദിച്ചു തരണമെന്ന അപേക്ഷയുമായാണ് രേഷ്മ തദ്ദേശ അദാലത്തിലെത്തിയത്. വൈദ്യുതി കണഷന്‍ ലഭിച്ചതു വരെയുള്ള കാലയളവിലെ വാടക ഇളവു ചെയ്തു കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

വായ്പ തിരിച്ചടവും കുടിശ്ശിക തീര്‍ക്കലുമായി വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറിതിന്റെ ആശ്വാസത്തില്‍ വളരെ സന്തോഷത്തോടെയാണ് രേഷ്മ തദ്ദേശ അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി വി അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവറാവു എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+