പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംസി ജോസഫൈന് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തില്‍
കണ്ണൂര്‍: സി പി ഐ എം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് ഹൃദയാഘാതം. സി പി ഐ എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ജോസഫൈനെ കണ്ണൂരിലെ എ കെ ജി സഹകരണ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമ്മേളന വേദിയില്‍ വെച്ച് എം സി ജോസഫൈന്‍ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ സി പി ഐ എം കേന്ദ കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയതാണ് മുഹമ്മദ് യൂസഫ് തരിഗാമി. തരിഗാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ മുന്‍ എം എല്‍ എയും പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാളുമാണ് മുഹമ്മദ് യൂസഫ് തരിഗാമി.

സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈന്‍ ഇത്തവണ പ്രായപരിധിയില്‍ തട്ടി കമ്മിറ്റിയില്‍ നിന്ന് ഒഴിവാകാനാണ് സാധ്യത. കേരളത്തില്‍ നിന്നുള്ള പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള, പി കരുണാകരന്‍, വൈക്കം വിശ്വന്‍, എന്നിവരും കമ്മറ്റിയില്‍ നിന്ന് ഒഴിവാകുമെന്നാണ് റിപ്പോര്‍ട്ട്. മഹേന്ദ്ര സിംഗ്, ത്രിപുര മുന്‍ സംസ്ഥാന സെക്രട്ടറി ബിജാന്‍ ദാര്‍, ഗൗതം ദാസ്, ശ്യാമള്‍ ചക്രബര്‍ത്തി, പ്രത്യേക ക്ഷണിതാവ് മല്ലു സ്വരാജ്യം എന്നിവരുടെ മരണത്തോടെ കേന്ദ്രകമ്മറ്റിയിലുണ്ടായ ഒഴിവും പാര്‍ട്ടി കോണ്‍ഗ്രസ് നികത്തും.
നേരത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ എം സി ജോസഫൈന്റെ പെരുമാറ്റം വിവാദമായിരുന്നു. ഇതിന് പിന്നാലെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം സി ജോസഫൈന് രാജി വെക്കേണ്ടി വന്നിരുന്നു. കാലാവധി അവസാനിക്കാന്‍ 8 മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ജോസഫൈന്റെ രാജി.
അതേസമയം നാല് ദിവസമായി തുടരുന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ സമാപിക്കും. പൊതുസമ്മേളനത്തോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകുക. ഇന്ന് നടന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എന്നിവര്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications