മട്ടന്നൂരിലെ എംസിആര്‍സിയെ മികവിന്റെ കേന്ദ്രമാക്കണം; മന്ത്രി ഡോ. ആര്‍ ബിന്ദു
മട്ടന്നൂര്‍: മികവിന്റെ കേന്ദ്രമാക്കാന്‍ കഴിയുന്ന ഒരു ഭിന്നശേഷി റിസോഴ്‌സ് സെന്ററായി മട്ടന്നൂരിലെ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിനെ വളര്‍ത്തണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മട്ടന്നൂര്‍ പഴശ്ശിയില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും ഉന്നമനത്തിനത്തിനുമായി മികവാര്‍ന്ന ഒരു കേന്ദ്രമാണ് മട്ടന്നൂരില്‍ ഒരുക്കിയിട്ടുള്ളത്. അതിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കൂട്ടായ പരിശ്രമം നടത്താം. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാവുന്നതാണ് ഇതെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ആത്മവിശ്വാസത്തോടെ ഭിന്നശേഷിക്കാരെ നയിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് 'ബാരിയര്‍ ഫ്രീ കേരള' പദ്ധതി നടപ്പാക്കുന്നത്. ഇനിയും ഭിന്നശേഷി സൗഹൃദമല്ലാത്ത എല്ലാ പൊതു ഓഫീസുകളും, വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
മൂന്നുവര്‍ഷം കൊണ്ട് 2000 ഓഫീസുകളും 170 ല്‍ പരം സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഭിന്നശേഷി സൗഹൃദമാക്കി. ബാരിയര്‍ ഫ്രീ കേരളക്ക് ബജറ്റില്‍ എട്ട് കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സര്‍ക്കാര്‍ ജോലികകളില്‍ 1263 തസ്തികകളില്‍ ഭിന്നശേഷി സംവരണം അനുവദിച്ചുള്ള വിജ്ഞാപനം ഇറക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്‍, മട്ടന്നൂര്‍ നഗരസഭ എന്നിവ ചേര്‍ന്നാണ് മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയത്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരിലെ ന്യൂനതകളെ വിദഗ്ധ പരിചരണത്തിലൂടെ മേന്മകളായി പരിവര്‍ത്തിപ്പിക്കുകയുമാണ് ലക്ഷ്യം. ഭിന്നശേഷി കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ്, തെറാപ്പികള്‍, തൊഴില്‍ പരിശീലനം, നൈപുണ്യ പരിശീലനം, അവരുടെ മാതാപിതാക്കള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും.
കെ കെ ശൈലജ ടീച്ചര്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയില്‍ ആദ്യതേതും സംസ്ഥാനത്ത് രണ്ടാമത്തെ തുമാണ് കേന്ദ്രം. മട്ടന്നൂര്‍ നഗരസഭ കൈമാറിയ 48 സെന്റ് സ്ഥലത്താണ് സെന്റര്‍ സജ്ജമാക്കിയത്. 3.3 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മട്ടന്നൂര്‍ നഗരസഭയുടെ പഴശ്ശിരാജ മെമ്മോറിയല്‍ ബഡ്സ് സ്‌കൂള്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ആവശ്യമായ ഉപകരണങ്ങള്‍ കേന്ദ്രത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
പരിപാടിയില്‍ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷരായ പി പ്രസീന, കെ മജീദ്, വി കെ സുഗതന്‍, പി അനിത, പി ശ്രീനാഥ്, കൗണ്‍സിലര്‍മാരായ കെ രജത, പി രാഘവന്‍ മാസ്റ്റര്‍, പി പി അബ്ദുള്‍ ജലീല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ കെ ടി ചന്ദ്രന്‍ മാസ്റ്റര്‍, സീന ഇസ്മയില്‍, കെ ഭാസ്‌കരന്‍ മാസ്റ്റര്‍, അനിത വേണു, മുന്‍ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സംസ്ഥാന കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു, നഗരസഭ സെക്രട്ടറി എസ് വിനോദ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications