പിപി ദിവ്യ വിഷയത്തില്‍ പാര്‍ട്ടിക്കെതിരെയുള്ള വിമര്‍ശനം മാധ്യമ അജന്‍ഡയെന്ന് ഇപി ജയരാജന്‍
കണ്ണൂര്‍: പി.പി ദിവ്യക്കെതിരെയുള്ള ആത്മഹത്യാപ്രേരണ കേസ് വിവാദം വലിയ അലയൊലിയായി ഉയര്‍ന്നതിന് ശേഷം മൗനം പാലിച്ചിരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു.
പിപി ദിവ്യയുടെ യാത്രയയപ്പ് സമ്മേളനത്തിനിടെയുണ്ടായ വിമര്‍ശനത്തെ തുടര്‍ന്ന് എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയത് ദുഃഖകരമാണ്. എന്നാല്‍ അതു പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരായ വിമര്‍ശനമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് മാധ്യമ അജന്‍ഡയുടെ ഭാഗമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

താന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണ്. സജീവമായ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഓരോ ആളുകള്‍ ചുമത നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. അവരാണ് അവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടത്. അവര്‍ അതനുസരിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാലക്കാട് ഉള്‍പെടെ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇപി ജയരാജന്‍ പറഞ്ഞു. പി.പി ദിവ്യ വിവാദങ്ങള്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വിവാദമായ സാഹചര്യത്തില്‍ ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നില്ല. ആദ്യമായാണ് അദ്ദേഹം ഈ വിഷയത്തില്‍ മനസ് തുറക്കുന്നത്.
അതേസമയം ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദിവ്യയുടെ ജാമ്യഹര്‍ജി ഈ വരുന്ന അഞ്ചിന് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നാണ് വിവരം. തലശേരി പ്രിന്‍സിപ്പള്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുക. കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബവും കക്ഷി ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വീണ്ടും പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരത്തെ ഉത്തരം പറഞ്ഞതാണ്. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറെ മാറ്റണമെന്ന് ആവശ്യപെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും പ്രതിഷേധ സമരത്തിലാണ് 'കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വ്യാപകമായ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ എല്‍ഡിഎഫ് ഭരണകക്ഷിയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.












Click it and Unblock the Notifications