കണ്ണൂരില്‍ സ്വകാര്യ ബസില്‍ മധ്യവയസ്‌കന്റെ നഗ്നത പ്രദര്‍ശനം; വീഡിയോ പങ്കുവച്ച് യുവതി
കണ്ണൂര്‍: ചെറുപുഴ- തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ മധ്യവയസ്‌കന്റെ നഗ്നത പ്രദര്‍ശനം. യാത്രക്കാരി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ബസ് ചെറുപുഴ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശേഷം ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.
ഈ സമയത്ത് ബസില്‍ കയറിയ മാസ്‌ക് ധരിച്ച മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. യാത്രക്കാരി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അറിഞ്ഞിട്ടും ഇയാള്‍ നഗ്നത പ്രദര്‍ശനം തുടര്‍ന്നു. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഈ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്നുപോയെന്ന് യാത്രക്കാരി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പയ്യന്നൂര്‍ ഡി വൈ എസ് പി പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും യുവതിയില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് കെ എസ് ആര്‍ ടി സി ബസില്‍ വച്ച് യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചലച്ചിത്രതാരവും മോഡലുമായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിനായി പോകുമ്പോഴാണ് തനിക്ക് സഹയാത്രികനില്‍ നിന്ന് ദുരനുഭവമുണ്ടായതെന്ന് യുവതി പറയുന്നു. ബസില്‍ കയറിയത് മുതല്‍ ഇയാള്‍ കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. ഇതിന് ശേഷം നഗ്നത പ്രദര്‍ശനം നടത്തിയെന്നും യുവതി പറഞ്ഞു. സംഭവം വീഡിയോയില്‍ പകര്‍ത്തിയതിന് ശേഷമാണ് പ്രതികരിച്ചതെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നു.
യുവതി പ്രതികരിച്ചതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ബസ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സിനിമ പ്രവര്‍ത്തകയായ നന്ദിത ശങ്കരയാണ് ഇക്കാര്യം വിവരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. 12 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഈ വീഡിയോ കണ്ടു. നിരവധി പേരാണ് ആ സമയത്ത് നന്ദിതയെ പിന്തുണച്ച് രംഗത്തെത്തിയത്.












Click it and Unblock the Notifications