തൊഴില്‍ തേടിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ കൊളളയടിച്ചു; പ്രതികളായ രണ്ട് പേര്‍ റിമാന്‍ഡില്‍
തളിപറമ്പ്: കണ്ണൂരില്‍ തൊഴില്‍ തേടിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൊളളയടിച്ചു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അതിഥി തൊഴിലാളികളെ ജോലിയെടുപ്പിക്കാനെന്ന വ്യാജേനെ വിജനമായ സ്ഥലത്തെത്തിച്ചു കബളിപ്പിച്ചു പണവും മൊബൈല്‍ ഫോണുകളുമായി കടന്നകളഞ്ഞ രണ്ടു പേരെ പോലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണക്കാട് കുഴിവെള്ളി വെള്ളി വീട്ടില്‍ എഎന്‍ അനൂപ്(45), തൃശൂര്‍ ജില്ല കുറ്റിച്ചിറ കാരാപാടത്തെ കായംകുടം വീട്ടില്‍ കെഎസ് അനീഷ്(30)എന്നിവരെയാണ് പരിയാരം എസ്ഐ എന്‍പി രാഘവന്റെ നേതൃത്വത്തിലുളള സംഘം അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ മെയ്-30 നാണ് സംഭവം നടന്നത്. തളിപ്പറമ്പില്‍ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് ടിഎന്‍ 09 കെ-8845 നീല മാരുതിക്കാറില്‍ ഇരുവരും നാല് അതിഥി തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയില്‍ എത്തിക്കുകയും അവര്‍ പണിയെടുത്തു കൊണ്ടിരിക്കെ കാറില്‍ സൂക്ഷിച്ച 11,000 രൂപയും 13,500, 19,500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബഹ്റാംപൂരിലെ തപസ് ചൗധരി, ബികാസ്, ഗൗതം മാന്‍ഡ എന്നിവരും പേരറിയാത്ത മറ്റൊരാളുമാണ് കവര്‍ച്ചക്കിരയായത്. രണ്ട് മോഷ്‌ടാക്കളും കുടുംബസമേതം പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെത്തി അവിടെ ലോഡ്‌ജില്‍ മുറിയെടുത്ത ശേഷമാണ് കാറുമായി മോഷണത്തിന് ഇറങ്ങിയത്.

പയ്യന്നൂര്‍ ഡിവൈഎസ്‌പി കെ വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ വിനീഷ്‌കുമാര്‍, എസ്ഐ എന്‍പി രാഘവന്‍, അഡീ എസ്ഐ വിനയന്‍ ചെല്ലരിയന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സിപിഒമാരായ നൗഫല്‍ അഞ്ചില്ലത്ത്, എന്‍എം അഷറഫ്, രജീഷ് പൂഴിയില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. മോഷണ സംഘത്തിലെ അനൂപ് ആറുവര്‍ഷം മുമ്പ് പരിയാരം പൊന്നുരുക്കിപ്പാറയിലെ പന്നിഫാമില്‍ ജോലി ചെയ്‌തിരുന്നു. ആ പരിചയം വെച്ചാണ് ഇവര്‍ അതിഥി തൊഴിലാളികളുമായി അമ്മാനപ്പാറയില്‍ എത്തിയത്.
അതിഥി തൊഴിലാളികള്‍ ഇത്തരത്തില്‍ കവര്‍ച്ചക്ക് ഇരയാവുന്നത് സ്ഥിരം സംഭവങ്ങളാണെങ്കിലും പ്രതികള്‍ രക്ഷപ്പെടാറാണ് പതിവ്. എന്നാല്‍ ഈ കേസില്‍ സിസിടിവി ദൃശ്യങ്ങളും മൊബല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികള്‍ ഫോണുകളും ഉപയോഗിച്ചിരുന്ന സിമ്മുകളും മാറ്റിയെങ്കിലും കണ്ണൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സമര്‍ത്ഥമായ ഇടപെലാണ് അന്വേഷണ സംഘത്തിന് പ്രതികളിലേക്കെത്താന്‍ വഴിതുറന്നത്.
പോലീസ് പിന്തുടരുന്നതായി സംശയിച്ച് പൊള്ളാച്ചിയിലേക്ക് കടന്ന പ്രതികള്‍ അവിടെ ഒരു തെങ്ങിന്‍ തോട്ടത്തില്‍ ജോലി ചെയ്യവെയാണ് പൊലിസെത്തി പ്രതികളെ പിടികൂടിയത്. പരാതിക്കാന്‍ അതിഥി തൊഴിലാളികളായതിനാല്‍ എഴുതിതള്ളുമെന്ന് കരുതിയ കേസാണ് പോലീസ് ശാസ്ത്രീയമായി അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. ഇവര്‍ മറ്റ് കേസുകളിലും പ്രതികളാണെന്ന് പോലീസ് അറിയിച്ചു. രണ്ടു പ്രതികളെയും തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.












Click it and Unblock the Notifications