പട്ടയ ഡാഷ് ബോര്‍ഡ് തയാറായി: എല്ലാവര്‍ക്കും ഭൂമി നല്‍കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി രാജന്‍
തലശേരി: സംസ്ഥാനത്ത് ഭവന രഹിതരും ഭൂ രഹിതരും ഇല്ലാത്ത സാഹചര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. ചൊക്ലി ഓഫീസ് കോണ്‍ഫറന്‍സ് ഹാളും സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി പട്ടയത്തിന്റെ ഡാഷ് ബോര്‍ഡ് തയ്യാറാക്കിയിരിക്കുകയാണ്.
പട്ടയം ലഭിക്കുന്നതിന് കിട്ടിയിട്ടുള്ള അപേക്ഷകള്‍, അത് തീര്‍പ്പാക്കാന്‍ കഴിയാത്തതിനുള്ള കാരണം, പട്ടയം നല്‍കുന്നതിനു വേണ്ട നടപടികള്‍, ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റം തുടങ്ങിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുന്ന ഡാഷ് ബോര്‍ഡ് ആണ് തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കാനാവശ്യമായ ഭൂനിയമം നടപ്പാക്കും. ഇതിനെല്ലാം റവന്യൂ വകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഒന്നിക്കണം. റീസര്‍വേ ഡിജിറ്റലായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. നാലുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും ഭൂമിയുടെ രേഖയുണ്ടാക്കിനല്‍കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ വകുപ്പ് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട വകുപ്പാണ്. റവന്യൂ വകുപ്പിനെ ജനാധിപത്യവല്‍കരണ ആശയം മുന്നോട്ടുവയ്ക്കുകയാണ്. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ച വില്ലേജ് ജനകീയസമിതികള്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. ചൊക്ലി വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് കോണ്‍ഫറന്‍സ് ഹാളും സ്റ്റാഫ് ക്വാര്‍ട്ടേഴ്സും നിര്‍മിച്ചിരിക്കുന്നത്. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി.
ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ കെ സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, താലൂക്ക് തഹസില്‍ദാര്‍ എ നൂറുദീന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി കെ രാഗേഷ്, ഹരിദാസന്‍, കെ എം പവിത്രന്‍, പി കെ യൂസഫ്, വി പുരുഷു എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications