'നോ ടു ഡ്രഗ്സ്', 10.5 കിലോമീറ്റർ ദൈർഘ്യമുളള മാരത്തണിൽ അമ്പരപ്പിച്ച് ഏഴാം ക്ലാസ്സുകാരി, അഭിനന്ദിച്ച് മന്ത്രി
പേരാവൂർ: 'നോ ടു ഡ്രഗ്സ്' സന്ദേശമുയർത്തി കണ്ണൂരിലെ പേരാവൂരിൽ മാരത്തൺ. മന്ത്രി എംബി രാജേഷ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. 10.5 കിലോമീറ്റർ ദൈർഘ്യമുളള മാരത്തണിൽ ഏഴാം ക്ലാസ്സുകാരിയായ അയന എന്ന പെൺകുട്ടി പത്തര കിലോമീറ്റർ പൂർത്തിയാക്കി ഏവരേയും അമ്പരപ്പിച്ചു. അയനയെ മന്ത്രി എംപി രാജേഷ് പ്രത്യേകം അഭിനന്ദിച്ചു. ഈ മാരത്തണിന്റെ ഭാഗമായി വീൽചെയർ മാരത്തണും പൊതുജനങ്ങൾക്കായി ഫൺ മാരത്തണും സംഘടിപ്പിച്ചിരുന്നു.
മന്ത്രി എംബി രാജേഷ് പങ്കുവെച്ച കുറിപ്പ്: ' ഇന്ത്യയുടെ കായിക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒരു കൊച്ചു ഭൂപ്രദേശമാണ് പേരാവൂർ, ഇന്ത്യൻ വോളീബോളിലെ ഇതിഹാസതാരം ജിമ്മി ജോർജിന്റെ നാട്. പേരാവൂർ സ്പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കാറുള്ള ക്വാർട്ടർ മാരത്തോണിന് ഇത്തവണ ഒരു സവിശേഷത കൂടിയുണ്ടായിരുന്നു. 'നോ ടു ഡ്രഗ്സ്' എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ മാരത്തോൺ നടന്നത്. ഇന്ന് പുലർച്ചെ കൃത്യം ആറു മണിക്ക് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ അത്‌ലറ്റിക്‌സിന് കേരളം സമ്മാനിച്ച അഭിമാനതാരം, ലോകവേദിയിൽ ഇന്ത്യയ്‌ക്ക് ആദ്യമായി ഒരു അത്‌ലറ്റിക്സ് മെഡൽ സമ്മാനിച്ച അഞ്ജു ബോബി ജോർജ് ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ ബാഡ്മിന്റൺ താരമായിരുന്ന തൃപ്തി, പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് തുടങ്ങി നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് 10.5 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തോണിൽ പങ്കെടുത്തത്. ഈ പരിപാടിയുടെ മറ്റൊരു സവിശേഷത വീൽ ചെയർ മാരത്തോൺ ആയിരുന്നു. ചക്രക്കസേരയിൽ ജീവിതം തള്ളി നീക്കേണ്ടി വന്നർക്ക് പ്രചോദനവും ആവേശവുമായി ഈ വീൽചെയർ മാരത്തോൺ. പൊതുജനങ്ങൾക്കായി ഫൺ റൺ എന്ന മറ്റൊരിനം കൂടി ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.യുവജനങ്ങളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം ആവേശകരമായിരുന്നു. മുതിർന്നവരും ആവേശം ഒട്ടും ചോരാതെ തന്നെ മാരത്തോണിൽ പങ്കെടുത്തു.
മാരത്തോണിൽ പങ്കെടുത്ത്, പത്തര കിലോമീറ്റർ പൂർത്തിയാക്കിയ ഏഴാം ക്ലാസുകാരി അയന പി പി വിസ്മയമായി മാറി. അയനയ്ക്കൊപ്പമുള്ള ചിത്രം ഇതോടൊപ്പം ചേർക്കുന്നു. ആ കൊച്ചുമിടുക്കിയെ പ്രത്യേകം അഭിനന്ദിക്കുന്നു. കുറ്റമറ്റ രീതിയിൽ മാരത്തോൺ സംഘടിപ്പിച്ച് മാതൃകയായി മാറിയ പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന് അഭിനന്ദനങ്ങൾ. പേരാവൂരിലെ ഈ ക്വർട്ടർ മാരത്തോൺ മാതൃക മറ്റിടങ്ങളിലും സംഘടിപ്പിക്കാൻ പ്രചോദനം നൽകുന്നതാണ്.
മാരത്തോണിന്റെ ഫ്ലാഗ് ഓഫിന് പോയപ്പോൾ ജിമ്മി ജോർജ് കളിച്ചു വളർന്ന വോളിബോൾ കോർട്ടും ജിമ്മി ജോർജ് അക്കാദമിയും കാണാൻ അവസരമുണ്ടായി. ഞങ്ങളുടെയെല്ലാം കുട്ടിക്കാലത്തെ വോളീബോൾ ഇതിഹാസമായിരുന്നു ജിമ്മി ജോർജ്. യൂറോപ്യൻ ലീഗിൽ കളിച്ച ആദ്യത്തെ ഇന്ത്യാക്കാരനാണ് അദ്ദേഹം. 1987ൽ ഇറ്റലിയിലെ ഒരു കാറപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അകാലത്തിലുള്ള അന്ത്യം. ഒന്നര മണിക്കൂറോളം അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമൊപ്പം ചിലവഴിച്ചാണ് മടങ്ങിയത്.












Click it and Unblock the Notifications