കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും; കൊവിഡിൽ ചടങ്ങുകൾ ലളിതമായി
കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും; കൊവിഡിൽ ചടങ്ങുകൾ ലളിതമായി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ രണ്ടു ബൃഹദ് പാലങ്ങള്‍ ജനുവരി 31 നാടിന് സമര്‍പ്പിക്കും. കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളാണ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കുന്നത്. യാത്രക്കാരുടെ നിരന്തര ആവശ്യങ്ങളിലൊന്നാണിത്.
Recommended Video
രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കേരളാ-കര്‍ണ്ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ കേരളം നിര്‍മ്മിച്ച പുതിയ പാലം ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളാണ് ഉണ്ടാകുക.

ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ കേരളാ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രാവിലെ ഒന്‍പതുമണിക്ക് പാലം തുറന്നു കൊടുക്കും. പേരാവൂര്‍ നിയോജകമണ്ഡലം എം എല്‍ എ അഡ്വ. സണ്ണി ജോസഫിനെ കൂടാതെ വീരാജ്‌പേട്ട എം എല്‍ എ കെ.ജി. ബൊപ്പയ്യ , കുടക് ജില്ലയില്‍ നിന്നുമുള്ള കര്‍ണ്ണാടകാ ലജിസ്‌ളേറ്റിവ് അംഗം സുജ കുശാലപ്പ എന്നിവരും ചടങ്ങിനെത്തും. മന്ത്രി നാടമുറിച്ച ശേഷം ജനപ്രതിനിധികള്‍ക്കൊപ്പം പാലത്തിലൂടെ അക്കരെ വരെ നടന്നെത്തുന്ന രീതിയിലായിരിക്കും ചടങ്ങ്.
എന്നാൽ, ജനുവരി ഒന്നിന് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് കര്‍ണ്ണാടക അധികൃതരെ പരിഗണിച്ചില്ലെന്ന പരാതി ഉയരുകയും തീരുമാനം മാറ്റുകയുമായിരുന്നു. കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ ഉദ്ഘാടന വിവരം ഇത്തവണ രേഖാമൂലം വീരാജ്‌പേട്ട എംഎല്‍എയെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെഎസ്ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മ്മിച്ചത്. ഇതിന്റെ നിര്‍മ്മാണത്തില്‍ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്.
90 മീറ്റര്‍ നീളത്തില്‍ അഞ്ച് തൂണുകളിലായി നിര്‍മ്മിക്കേണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി 2017 ഒക്ടോബറില്‍ ആണ് തുടങ്ങുന്നത്.
പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂര്‍ത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയില്‍ തൂണിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.
പുഴയുടെ മറുകര പൂര്‍ണ്ണമായും കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കര്‍ണ്ണാടക വനം വകുപ്പ് നിര്‍മ്മാണം തടയുകയായിരുന്നു. പുഴയുടെ മറുകര വരുന്ന മാക്കൂട്ടം പുഴക്കര പൂര്‍ണ്ണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാന്‍ കൂടിയാണ് അവര്‍ ഈ വാദം ഉന്നയിച്ചത്.
പലതട്ടില്‍ ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്ന് വര്‍ഷം ഒരു പ്രവ്യത്തിയും നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പ്രശ്നമെത്തി. ചര്‍ച്ചകര്‍ക്കും അസംഖ്യം രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രില്‍ 23-നാണ് ദേശീയ വന്യജീവി ബോര്‍ഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുനാരംഭിക്കാന്‍ കഴിഞ്ഞത്. കര്‍ണ്ണാടക വനം വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നിര്‍മ്മാണം പുനരാരംഭിച്ചപ്പോള്‍ കോവിഡ് വില്ലനായി. ആറുമാസംകൊണ്ട് തീര്‍ക്കേണ്ടപണി നാലുതവണ നീട്ടിനല്‍കിയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കെഎസ്ടിപി പദ്ധതില്‍ ഉള്‍പ്പെടുത്തി തലശ്ശേരി - വളവുപററോഡില്‍ നിര്‍മ്മിച്ച ഏഴുപാലങ്ങളില്‍ ആറാമത്തെ പാലമാണ് കൂട്ടുപുഴ പാലം. ശേഷിക്കുന്ന ഏഴാമത്തെ പലമായ എരഞ്ഞോളിപ്പാലവും കൂട്ടുപുഴ പാലത്തിന്റെ ഉദ്ഘാടന ശേഷം രാവിലെ പത്തരയോടെ മന്ത്രി ഗതാഗതത്തിന് തുറന്നു കൊടുക്കും.












Click it and Unblock the Notifications