സര്‍ക്കാര്‍ ജീവനക്കാരുടെ താമസം: ഫളാറ്റ്‌സമുച്ചയങ്ങള്‍ പരിഗണനയില്‍; മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ താമസ സൗകര്യങ്ങള്‍ ഫ്‌ലാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കണ്ണൂര്‍ എന്‍ ജി ഒ ക്വാട്ടേഴ്‌സ് കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച ടൈപ്പ് ക്വാട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിംഗിള്‍ ക്വാട്ടേഴ്‌സില്‍ നിന്നും അപ്പാര്‍ട്ട്‌മെമെന്റ് രീതിയിലേക്ക് എന്‍ജിഒ ക്വാട്ടേഴ്‌സുകള്‍ മാറി. ഇനി ഫ്‌ലാറ്റ് സമുച്ചയങ്ങളാണ് സൗകര്യപ്രദം. സര്‍ക്കാര്‍ ജീവനക്കാരുടെ താമസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തിരുവനന്തപുരത്ത് സ്ത്രീ ജീവനക്കാര്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് തുടങ്ങാന്‍ തീരുമാനിച്ചു'- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വയറിംഗിന്റെ പേരില്‍ പുതിയ കെട്ടിടങ്ങള്‍ കുത്തി പൊളിക്കുന്നത് ഒഴിവാക്കാന്‍ സിവില്‍, ഇലക്ട്രിക്കല്‍ ടെണ്ടറുകള്‍ ചേര്‍ത്ത് കോമ്പസിറ്റ് ടെണ്ടര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് വഴി ഇത് വരെ ഒന്നര ലക്ഷം പേര്‍ താമസിച്ചു.8.82 കോടിയാണ് ഇത് വഴിയുള്ള വരുമാനം.ടൂറിസം ശക്തിപെടാന്‍ ഈ നടപടി സഹായകമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിണറായി പഞ്ചായത്തില്‍ ഒരു പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് പുതുതായി തുടങ്ങും.
ഇതിന് അഞ്ച് കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മട്ടന്നൂര്‍ റസ്റ്റ്ഹൗസിന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുരേഷ്ബാബു എളയാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications