കണ്ണൂർ- മൈസൂരൂ ദേശീയപാത സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
മട്ടന്നൂർ: കണ്ണൂർ ജില്ലയുടെ വികസന കുതിപ്പിന് ഗതിവേഗം പകർന്ന് കണ്ണൂർ - മൈസൂർ ദേശീയ പാതാ പദ്ധതി. കേന്ദ്ര സർക്കാർ പുതിയ ദേശീയപാതക്ക് പച്ചക്കൊടി കാട്ടിയതിൻ്റെ പശ്ചാത്തലത്തിൽ പദ്ധതി സംസ്ഥാന സർക്കാർ പ്രാരംഭ നടപടികൾ തുടങ്ങി. ഇതിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി പ്രദേശമായ മട്ടന്നു ർ മണ്ണുർ മുതൽ കണ്ണുർ മേലെചൊവ്വ വരെയുള്ള സ്ഥലം സന്ദർശിച്ചു നിർദ്ദിഷ്ട ദേശീയ പാത നാലുവരിയായതിനാൽ ഭൂമി ഏറ്റെടുക്കൽ വേണ്ടി വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദർശനം.
നിർദ്ദിഷ്ട കണ്ണൂർ- മൈസൂരു ദേശീയപാത അതീവ പ്രാധാന്യമുള്ളതാണെന്നും എയർപോർട്ട് സമീപത്തുകൂടി പോകുന്ന റോഡിന് അതിലേറെ പ്രാധാന്യമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ആലോചിച്ചു വരികയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ പ്രാരംഭ നടപടികൾ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. കെ.കെ ശൈലജ എംഎൽഎ, മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു, സി.പി.എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, വിവിധ ജനപ്രതിനിധികൾ പൊതുമരാമത്ത് - ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ദേശീയപാത കടന്നു പോകുന്ന മട്ടന്നൂർ മണ്ഡലത്തിലെ മണ്ണൂർ കണ്ണൂർ കോർപറേഷനിലെ മേലെചൊവ്വ എന്നിവടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.
കണ്ണൂർ - മൈസൂരു പാതയുടെ കേരളത്തിലുള്ള ഭാഗം ദേശീയപാതയാക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയത്. കേന്ദ്ര റോഡുഗതാഗത– ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഇതിനോടൊപ്പം തിരുവനന്തപുരം- വിഴിഞ്ഞം റിങ് റോഡിനും തത്വത്തിൽ അംഗീകാരമായിട്ടുണ്ട്. കേരളത്തിലെ 11 റോഡിനെ ഭാരത്‌മാലാ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഗഡ്‌കരിയുടെ വസതിയിൽ അദേഹത്തെ കണ്ടശേഷം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
കണ്ണൂർ വിമാനത്താവളം– മട്ടന്നൂർ– കൂട്ടുപുഴ– വളവുപാറ –മാക്കൂട്ടം–വിരാജ്പേട്ട- മടിക്കേരി വഴിയാണ് മൈസൂരു പാത. തിരുവനന്തപുരം പാരിപ്പള്ളിമുതൽ വിഴിഞ്ഞംവരെ 80 കിലോമീറ്ററാണ് റിങ്‌റോഡ് പദ്ധതി. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട സാമ്പത്തിക സാധ്യതകൾകൂടി കണക്കിലെടുത്താണ് 4,500 കോടി രൂപ മുതൽമുടക്കിൽ ഇത്തരമൊരു പദ്ധതി. ദേശീയപാതാ അതോറിറ്റി പദ്ധതി ഏറ്റെടുക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ഭൂമി ഏറ്റെടുക്കലിന്റെ അമ്പതു ശതമാനം സംസ്ഥാനം വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വിശദ പദ്ധതി രേഖ (ഡിപിആർ) മാറ്റങ്ങൾ വരുത്തി സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥതല ചർച്ചകൾ തുടരും. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി വി പി ജോയി, റസിഡന്റ് കമ്മീഷണർ സഞ്ജയ് ഗാർഗ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications