'ശുചിത്വ ശീലം വിദ്യാര്‍ത്ഥികള്‍ ജീവിതചര്യയാക്കി മാറ്റണം': മന്ത്രി വി ശിവന്‍കുട്ടി
മയ്യില്‍:പകര്‍ച്ചവ്യാധികളെ അകറ്റണമെങ്കില്‍ ശുചിത്വമുള്ള പരിസരം പ്രധാനമാണെന്നും ശുചിത്വ ശീലം വിദ്യാര്‍ത്ഥികള്‍ ജീവിതചര്യയാക്കി മാറ്റണമെന്നും പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മയ്യില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിഎഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വിജയോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വീട് എല്ലാവരും നന്നായി സൂക്ഷിക്കുന്നു. എന്നാല്‍ നാട് ശുചിയായി സൂക്ഷിക്കണം എന്ന കാര്യത്തില്‍ നാം വീഴ്ച വരുത്തുന്നു. അവരവര്‍ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് അവരവരുടെ കൂടി ഉത്തരവാദിത്വമാണ് എന്ന ബോധ്യം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകണം. ജൈവമാലിന്യങ്ങളെയും അജൈവ മാലിന്യങ്ങളെയും വേര്‍തിരിക്കുക എന്നത് മുഴുവന്‍ കുട്ടികളും ശീലിക്കണം.

ശുചിമുറികള്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം മുഴുവന്‍ കുട്ടികള്‍ക്കും ഉണ്ടാകണം.പൊതു ഇടങ്ങളിലെ ശുചിമുറികള്‍ വൃത്തിയായി എങ്ങനെ സൂക്ഷിക്കാം എന്നത് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ അറിയേണ്ടതുണ്ട്.
ഇതോടൊപ്പം പാഠപുസ്തകത്തിനപ്പുറം ഉള്ള അറിവുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് അറിവ് ഉല്പാദിപ്പിക്കുന്നവരായി വിദ്യാര്‍ത്ഥി സമൂഹം മാറേണ്ടതുണ്ട്. അതിന് സഹായിക്കാനുള്ള സംവിധാനം എന്ന നിലയിലാണ് ആധുനിക സാങ്കേതികവിദ്യ എല്ലാ സ്‌കൂളുകളിലും പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയത്.
അതിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളില്‍ ലാബ് സൗകര്യങ്ങളും ലൈബ്രറി സൗകര്യങ്ങളും ഒരുക്കുന്നത്. പഠന പ്രക്രിയയില്‍ ഇടപെടാനുള്ള സഹായക സംവിധാനങ്ങളാണ് ഇവയെല്ലാം. ഇതൊക്കെ തന്നെ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 3.9കോടി മുടക്കിയാണ് 18 ക്ലാസ് മുറികളുള്ള മൂന്ന് നില ഹൈസ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.പ്ലസ് ടു പരീക്ഷയില്‍ 1195 മാര്‍ക്കോടെ വിജയിച്ച അഭിഷേക് സി, ഗോപിക എം എന്നീ വിദ്യാര്‍ത്ഥികളെയും ജീവിത പ്രയാസങ്ങള്‍ക്കിടയിലും ഉന്നത വിജയം കരസ്തമാക്കിയ ദിയ പ്രഭാകരന്‍,അമല്‍രാജ് എന്നീ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. ഉന്നത വിജയികള്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിതരണം ചെയ്തു. എന്‍ഡോമെന്റ് വിതരണം മുന്‍ ആരോഗ്യവകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ നിര്‍വഹിച്ചു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്‌നകുമാരി, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ വി ശ്രീജിനി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം വി ഓമന, മയ്യില്‍ഗാമ പഞ്ചായത്ത് മെമ്പര്‍ ഇ എം സുരേഷ് ബാബു, ആര്‍ ഡി ഡി കെ എച്ച് സാജന്‍, എസ് എസ് കെ ഡി പി സി ഇ സി വിനോദ്, ഡി ഇ ഒ വി വി സതി, പിടിഎ പ്രസിഡണ്ട് സി പത്മനാഭന്‍, പ്രിന്‍സിപ്പാള്‍ എം കെ അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ പി പി രത്‌നാകരന്‍,മുന്‍ എച്ച് എം എം സുനില്‍കുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എസ് എസ് എല്‍ സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 162 വിദ്യാര്‍ത്ഥികളെയും പ്ലസ് ടു വില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 43 വിദ്യാര്‍ത്ഥികളെയും യു എസ് എസ് വിജയികളെയും പരിപാടിയില്‍ അനുമോദിച്ചു.












Click it and Unblock the Notifications