ഡ്രൈവിംഗ് ടെസ്‌റ്റിലെ പരിഷ്‌കരണം; പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ, ടെസ്‌റ്റ് ബഹിഷ്‌കരിച്ചു
തലശ്ശേരി: ഡ്രൈവിംഗ് ടെസ്റ്റ് പരിശീലനത്തിലെ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്ക്‌കൂൾ ഉടമകൾ രംഗത്തു വന്നതോടെ മോട്ടോർ വാഹന വകുപ്പിൻ്റെ ഡ്രൈവിങ് ടെസ്റ്റ് കണ്ണൂർ ജില്ലയിൽ വീണ്ടും അവതാളത്തിലായി. ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേർസ് ആന്റ് വർക്കേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കരിദിനം ആചരിക്കുകയും ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെയാണ് മുഖ്യ പരിശീലന കേന്ദ്രങ്ങളിലൊന്നായ തോട്ടടയിലെ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയത്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന്റെ പേരിൽ സർക്കാർ ധൃതിപിടിച്ച് നടപ്പിലാക്കുന്ന സർക്കുലർ നാല് ബാർ ഇരുപത്തിനാല് തികച്ചും അശാസ്ത്രീയവും നടപ്പാക്കാൻ പറ്റാത്തതുമാണെന്ന് പണിമുടക്കി പ്രതിഷേധിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ആരോപിച്ചു. ഇപ്പോൾ നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിലെ എച്ച്. മോഡൽ അടിമുടി മാറ്റി കയറ്റിറക്കം, പാരലൽ പാർക്കിംഗ് തുടങ്ങിയവ നടപ്പിലാക്കണമെങ്കിൽ അതിനാവശ്യമായ ഗ്രൗണ്ട് സംവിധാനം ഉണ്ടാകണം. കേരളത്തിലെ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ വളരെ പരിമിതമായ ഗ്രൗണ്ട് മാത്രമേ സർക്കാരിന്റെ തായുള്ളൂ. ബാക്കി വാടക സ്ഥലങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. യാഥാർത്യം പരിശോധിക്കാതെയുള്ള വകുപ്പ്മന്ത്രിയുടെ തീരുമാനം അശാസ്ത്രീയമാണെന്നും ഉടമകൾ പറയുന്നു.

ഒരു ദിവസം 20 പേർക്ക് മാത്രം ടെസ്റ്റ് നടത്താൻ അനുവദിക്കുമെന്ന തീരുമാനം ആയിര കണക്കിന് ടെസ്റ്റ് കാത്തുനിൽക്കുന്നവർക്ക് വിനയാകുമെന്നും ഉടമകൾ പറയുന്നു. 15 വർഷം കഴിഞ്ഞ വാഹനങ്ങളിൽ ടെസ്റ്റ് നടത്താൻ പാടില്ലെന്ന തീരുമാനം സ്‌കൂൾ ഉടമകളെ പ്രതിസന്ധിയിലാക്കും ഫിറ്റ്നസ് ലഭിച്ച വാഹനങ്ങൾ പരിശീലനത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് തങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങുന്നതെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
വിവാദങ്ങൾക്കിടെ കണ്ണൂരിലെ തോട്ടടയിൽ ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയവർ മടങ്ങി. പരിഷ്‌കരിച്ച ടെസ്റ്റ് മെയ് രണ്ടു മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. സൗകര്യമൊരുക്കാതെയുള്ള പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂളുകാരുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേ തുടർന്ന് പുതിയ സർക്കുലർ ലഭിച്ച ശേഷം ഇനി ടെസ്റ്റ് നടത്തുകയുള്ളുവെന്ന് എംവിഐ രഞ്ചിത്ത് മോൻ തോട്ടട എസ്.എൻ കോളേജിന് സമീപമുള്ള ടെസ്റ്റിന് എത്തിയവരെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയവർ മടങ്ങിയത്.












Click it and Unblock the Notifications