പണം വെട്ടിപ്പ്: ജില്ലാ മുസ്‌ലിം ലീഗ് നേതാവിൽ നിന്ന് ഒന്നരകോടി വസൂൽ ചെയ്യണമെന്ന് വഖഫ് ബോർഡ്
തലശേരി: കണ്ണൂര്‍ ജില്ലാ മുസലിം ലീഗില്‍ പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു ജില്ലാനേതാവിനെതിരെ വഖഫ് ബോര്‍ഡ് നടപടി. കാഞ്ഞിരോട് പുറത്തീല്‍ പള്ളികമ്മിറ്റിയുടെ ഫണ്ടില്‍ നിന്നും പണം തട്ടിയെടുത്തന്ന പരാതിയില്‍ കണ്ണൂരിലെ പ്രമുഖനായ മുസ്‌ലിംലീഗ് ജില്ലാ നേതാവില്‍ നിന്നും ഒന്നര കോടി രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് ഉത്തരവിട്ടു.
ഇതോടെ കണ്ണൂരിലെ മുസ്‌ലിംലീഗ് പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്. നേതാവിനെ പുറത്താക്കാണോ വേണ്ടോയെന്ന ചര്‍ച്ച പാര്‍ട്ടിക്കുളളില്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ നിയമവഴിയിലൂടെ മുന്‍പോട്ടുപോകാനാണ് ആരോപണ വിധേയനായ നേതാവിന്റെ നീക്കം.

മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ പി താഹിറില്‍ നിന്നാണ് ഭീമമായ സംഖ്യ വസൂല്‍ ചെയ്യണമെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിട്ടത്. കൂടാളിക്കടുത്തെ കാഞ്ഞിരോട് പുറത്തീല്‍ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് നടപടി.
താഹിറിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും പോലീസിനോട്ട് വഖഫ് ബോര്‍ഡിന്റെ ശിപാര്‍ശയുണ്ട്.2010-15 കാലയളവിലാണ് പള്ളി കമ്മിറ്റിയുടെ ഒന്നര കോടി രൂപ കാണാതായത്. ഈ കാലയളവില്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു താഹിര്‍. 2015ല്‍ വന്ന പുതിയ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും താഹിറിന് പണം നഷ്ടപ്പെട്ടതിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ താഹിറിനെ കസ്റ്റഡിയിലെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തെങ്കിലും പിന്നീട് പുറത്തുകടന്നു. ലീഗിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. അന്ന് ലീഗിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു താഹിര്‍. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി വഖഫ് ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. വഖഫ് ബോര്‍ഡ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് താഹിറില്‍ നിന്ന് തുക ഈടാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.
തുക ഈടാക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കും. ജൂണ്‍ ആറിന് ചേര്‍ന്ന സംസ്ഥാന വഖഫ് ബോര്‍ഡ് യോഗത്തിലാണ് താഹിറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്.നിലവില്‍ ലീഗിന്റെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് താഹിര്‍. ഇദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് അണികളിലൊരുവിഭാഗം ജില്ലാ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ നേതാക്കളില്‍ ചിലരും ഇതിനെ അനുകൂലിക്കുന്നവരാണ്.
താഹിറിനെ ജില്ലാ നേതൃത്വത്തില്‍ നിന്നൊഴിവാക്കണമെന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ണൂരില്‍ നടന്ന ജില്ലാസമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും താഹിറിനെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പാര്‍ട്ടിസമ്മേളനത്തില്‍ പ്രതിനിധികളില്‍ ചിലര്‍വിമര്‍ശനമുന്നയിച്ചിരുന്നു.












Click it and Unblock the Notifications