നിക്ഷേപിച്ച പണം തിരിച്ചു നൽകുന്നില്ല; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരേ സമരവുമായി അദ്ധ്യാപിക
ഇരിട്ടി: : സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തിൽ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാനാകാതെ അദ്ധ്യാപിക. മാസങ്ങൾ കഴിഞ്ഞിട്ടും തുക തിരിച്ചു നൽകാത്തതിനെത്തുടർന്ന് മൂന്ന് ദിവസമായി സഹകരണ സംഘത്തിന് മുന്നിൽ സമരവുമായി എത്തിയെങ്കിലും യാതൊരു നടപടിയും സൊസൈറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
സിപിഐ നേതാവും രാജ്യസഭാ എം പിയുമായ സന്തോഷ്‌കുമാറിന്റെ സഹോദരിയും ഭിന്നശേഷിക്കാരിയുമായ അദ്ധ്യാപിക ഷീജയാണ് ഇരിട്ടി കീഴൂരിൽ പ്രവർത്തിക്കുന്ന കീഴൂർ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവർ രണ്ടു തവണകളായാണ് ഒരു വർഷത്തേക്ക് സ്ഥിരം നിക്ഷേപമായി 18 ലക്ഷം രൂപയാണ് സംഘത്തിന് നൽകിയത്. 2021 ജൂലായിൽ 6 ലക്ഷം രൂപയും തുടർന്ന് ഡിസംബറിൽ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്.

ആദ്യം ഒരു വർഷത്തേക്ക് നിക്ഷേപിച്ച തുക താൻ തന്റെ വിശ്വാസത്തിലുള്ള സൊസൈറ്റി അധികൃതരുടെ വാക്കിൽ വിശ്വസിച്ച് ഒരു വർഷം കൂടി നീട്ടി നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായിൽ രണ്ടുവർഷം കാലാവധി പൂർത്തിയായി. പലിശയടക്കം 20 ലക്ഷം രൂപയാണ് സൊസൈറ്റി നൽകാനുള്ളത്. ജൂലായ് മുതൽ സഹകരണസംഘത്തെ സമീപിച്ചെങ്കിലും ഒരു രൂപപോലും തിരിച്ചു തരാതെ പല കാലാവധികൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
ഉറപ്പെല്ലാം വെറുതെയായപ്പോൾ കഴിഞ്ഞ നവംബറിൽ ഇപ്പോഴത്തെ കണ്ണൂർ പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കൂടിയായ എം.വി. ജയരാജന് ടീച്ചർ ഇത് സംബന്ധിച്ച കത്ത് നൽകി. എന്നാൽ ഇതിന് ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. ഇടക്ക് ചികിത്സക്കായി പണം ആവശ്യമായി വന്നപ്പോൾ എങ്ങിനെയെങ്കിലും പണം നൽകണമെന്ന് ആവശ്യപ്പെട്ടു. മാർച്ചിൽ മുഴുവൻ പണവും തരാമെന്ന് സഹകരണസംഘം അധികൃതരും താൻ ഇഷ്‌പ്പെടുന്ന സഖാക്കളും വാക്ക് തന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല.
ഇപ്പോൾ സഹകരണസംഘത്തിനു മുന്നിൽ നിത്യവും സമരത്തിലാണ് ടീച്ചർ. ടീച്ചർസംഘത്തിനു മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ അറ്റകുറ്റ പണികൾക്കായി സഹകരണസംഘം അടച്ചിട്ടിരിക്കയാണെന്ന അറിയിപ്പ് നൽകി സംഘം അധികൃതർ മുങ്ങിയിരിക്കയാണ്. ഞാൻ എന്നെ ചതിച്ചാലും താൻ വിശ്വസിക്കുന്ന ഈ പ്രസ്ഥാനത്തിലെ നേതാക്കൾ തന്നെ ചതിക്കില്ലെന്നാണ് ഉറച്ചു വിശ്വസിച്ചിരുന്നതെന്നും തന്റെ പണം തിരിച്ചു തന്നില്ലെങ്കിൽ സിവിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും അധ്യാപികപറയുന്നു.












Click it and Unblock the Notifications