ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം, സമൂഹിക വിരുദ്ധരുടെ താവളം; ഇക്കോ ടൂറിസം പദ്ധതിയുമില്ല
കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേത കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ മുണ്ടേരിക്കടവ് പക്ഷിസങ്കേത കേന്ദ്രത്തിലെ ഇക്കോ ടൂറിസം പദ്ധതി വെള്ളത്തില്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരിയിലാണ് മുണ്ടേരി ഇക്കോടൂറിസം പദ്ധതി അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തിരുന്നത്.
എന്നാല്‍ ഉദ്ഘാടനം നടത്തിയെന്നല്ലാതെ അതിന്‌ശേഷം ഇവിടെ ഒരു വികസനവും എത്തിനോക്കിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഗേറ്റ് മാത്രമാണ് നിലവിലിവിടെയുള്ളത്.

ജൈവ വൈവിധ്യ കലവറയായ ഇവിടം ഇന്ന് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് എത്താനുള്ള റോഡും ഉപയോഗശൂന്യമായ അവസ്ഥയാണ്. ഒഴിവ് ദിവസങ്ങളില്‍ കുടുംബമായി നിരവധിപേര്‍ ഇവിടെയെത്താറുള്ളത്. കൂടാതെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷിനിരീക്ഷകരും എത്താറുണ്ട്.

എന്നാല്‍ സഞ്ചാരികള്‍ക്കുള്ള അടിസ്ഥാനസൗകര്യം പോലും ഇവിടെയില്ല. ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം കുറച്ച് തെങ്ങില്‍തൈകള്‍ വെച്ചിട്ട് വലിയ പണം ചെലാവായി എന്ന തരത്തില്‍ അന്ന് സര്‍ക്കാര്‍ പ്രചരണം നടത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തുന്നവരുമുണ്ട്. ചാക്കുകളിലും മറ്റുമായാണ് മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്. പക്ഷിസങ്കേതം സംരക്ഷക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ട്.

പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തി സഞ്ചാരികള്‍ക്ക് പക്ഷി നിരീക്ഷണത്തിനും ഗ്രാമഭംഗി ആസ്വദിക്കാനും മുണ്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയതായിരുന്നു പദ്ധതി. അന്ന് മന്ത്രിയായരുന്ന രാമചന്ദ്രന്‍ കടന്നപള്ളിയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 73.5 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. പദ്ധതി നടപ്പിലാക്കാന്‍ തെന്മല ഇക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ റിസര്‍ച്ച് ആന്റ് കണ്‍സള്‍ട്ടന്‍സി വിഭാഗമായ ഹരിതത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവിടെ സന്ദര്‍ശിക്കുന്നതിന് വിവിധ ടൂര്‍ പാക്കേജുകള്‍ രൂപ കല്‍പന ചെയ്യുക, ഗൈഡ്സ് ടൂര്‍ പാക്കേജുകളുടെ ഭാഗമായെത്തുന്ന സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രവും കരകൗശലവസ്തുക്കള്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ സജ്ജീകരിക്കുക, ശബ്ദമില്ലാതെ ബാറ്ററിയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഏര്‍പെടുത്തുക, സഞ്ചാരികള്‍ക്ക് വേണ്ടുന്ന ശൗചാലയം, ഇരിപ്പിടങ്ങള്‍, തണല്‍മരങ്ങള്‍ എന്നിവ സ്ഥാപിക്കുക എന്നീ പദ്ധതികളായിരുന്നു വിഭാവനം ചെയ്തത്.

മുണ്ടേരി പുഴയക്കരികില്‍ 400 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പക്ഷിസങ്കേതം വിസ്തൃതിയില്‍ ഏഷ്യയിലെ ഏറ്റവും വലുതാണിത്. സീസണുകളില്‍ ഏകദേശം 60 ല്‍ അധികം സ്പീഷീസില്‍ പെട്ട സ്വദേശികളും വിദേശികളുമായ വിരുന്നുകാര്‍ ഇവിടെയെത്തുന്നു. ഹിമാലയന്‍ സാനുക്കളില്‍ മാത്രം കാണുന്ന രാജഹംസം മുതല്‍ തങ്ക താറാവ് വരെ. ഈജിപ്റ്റിന്റെ ദേശീയപക്ഷിയായ സ്റ്റെപ്പി ഈഗിളും ഇവിടുത്തെ സന്ദര്‍ശകനാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി വരുന്ന സൈബീരിയന്‍ കൊക്കുക്കളും ഇവിടെ എത്താറുണ്ട്. വിവിധ തരം മീനുകള്‍, ഉഭയജീവികള്‍, ഒച്ചുകള്‍, ഞണ്ടുകള്‍, അപൂര്‍വ്വ ജലജീവികള്‍ വിവിധ അമൂല്യഔഷധ സസ്യങ്ങള്‍, വംശനാശ ഭീഷണിയിലുള്ള സസ്യലതാദികള്‍ എന്നിവയുടെയും കേന്ദ്രമാണിവിടം.












Click it and Unblock the Notifications