പയ്യന്നൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ഗ്രേഡ് ഓവര്‍സീയര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ പിടിയില്‍. കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിനായി 25,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഓവര്‍സിയര്‍ ബിജുവിനെയാണ് വിജിലന്‍സ് സംഘം തന്ത്രപരമായി പിടികൂടിയത്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി പയ്യന്നൂരില്‍ പുതുതായിനിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെനിര്‍മ്മാണ അനുമതിക്കായി ഇക്കഴിഞ്ഞ ഏപ്രില്‍ മാസമാണ് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് പരാതിക്കാരന്‍ പലപ്രാവശ്യം അനുമതിക്കായി മുന്‍സിപ്പാലിറ്റിയില്‍ അന്വേഷിച്ചു ചെന്നെങ്കിലും ഓവര്‍സിയര്‍ ആയ ബിജു ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

ഈക്കഴിഞ്ഞ 21-ാം തീയതി പരാതിക്കാരന്‍ ബിജുവിനെ കണ്ടപ്പോള്‍ 25,000 രൂപ കൈക്കൂലി നല്‍കിയാല്‍ നിര്‍മ്മാണാനുമതി വേഗത്തില്‍ നല്‍കാമെന്നറിയിച്ചു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് കണ്ണൂര്‍ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു.അദ്ദേഹത്തിന്റെനേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണി ഒരുക്കുകയായിരുന്നു.
കൈക്കൂലി വാങ്ങാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ മുനിസിപ്പാലിറ്റി ഓഫീസിന് പുറത്ത് കാറില്‍ കാത്തിരുന്ന ബിജുവിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്.പിയെകൂടാതെ ഇന്‍സ്‌പെക്ടര്‍ അജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ അശോകന്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍, നിജേഷ്, ജയശ്രീ എസ്.സി.പി.ഒ മാരായസുകേഷ്,സജിന്‍, വിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു. മൂന്ന് മാസം മുന്‍പാണ് തളിപ്പറമ്പ് ബ്ലോക്ക് ഓഫീസില്‍ നിന്നും ഈ ഉദ്യോഗസ്ഥന്‍ പയ്യന്നൂര്‍ നഗരസഭയിലെത്തിയത്. ജോലി ചെയ്ത ഓഫീസുകളിലെല്ലാം കൈക്കൂലി വാങ്ങുന്ന കാര്യത്തില്‍ വിരുതനായിരുന്നു ഈയാളെന്ന് കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ്പില്‍ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി.കെവിനോദ്കുമാര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരാണ് വിജിലന്‍സ് റെയ്ഡി ല്‍ കുടുങ്ങിയത്. ഇതില്‍ പൊലിസുകാരും എക്‌സൈസ് ഉദ്യോഗസ്ഥരുമുണ്ട്.












Click it and Unblock the Notifications