ബാറിലെ കൊലപാതകം: പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍
മയ്യില്‍: മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പളളി കൈരളി ബാറില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി പൂക്കോട് സ്വദേശി നജീബിനെയാണ് മയ്യില്‍ സിഐ ടിപി സുമേഷ് പിടികൂടിയത്. വളപട്ടണം കീരിയാട് സ്വദേശി ടിപി റിയാസിനെ കൊലപ്പെടുത്തിയ അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി നിഷാമിനെയാണ് ഇയാള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചത്.
സംഭവസ്ഥലത്തു നിന്നും കോഴിക്കോട്ടെക്ക് സ്‌കൂട്ടറില്‍ രക്ഷപ്പെട്ട നിഷാമിന് കോഴിക്കോട് കൈരളി ലോഡ്ജില്‍ മുറിയെടുത്തു നല്‍കിയത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു. നിഷാമിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഇയാള്‍ വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളങ്ങളില്‍ പതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കാട്ടാമ്പളളിയിലെ കൈരളി ബാറില്‍ നിസാര വിഷയത്തെ തുടര്‍ന്നുളള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബാറില്‍ നിന്നും മദ്യപിക്കുകയായിരുന്ന റിയാസും സൃഹൃത്തുക്കളുമായുളള വാക്ക് തര്‍ക്കമാണ് പ്രതിയും ജിംനേഷ്യം നടത്തിപ്പുകാരനുമായ നിഷാമിനെ പ്രകോപിച്ചത്. റിയാസിന്റെ സൃഹൃത്തായ സന്ദീപിനെ നിഷാമിന്റെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തിരുന്നു.
ഇത് തടയുന്നതിനിടെയാണ് റിയാസിനെ അരയില്‍ ഒളിപ്പിച്ചുവെച്ച കത്തി ഉപയോഗിച്ചു നിഷാം കുത്തിയത്. ആഴത്തിലുല്‌ള കുത്തേറ്റ റിയാസിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് ചാല മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും പിറ്റേ ദിവസം പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. ഇതിനിടെയാണ് നിഷാം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.
നിഷാം കേരളം വിടുന്നത് തടയുന്നതിനായി പൊലീസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് കേസ് അന്വേഷണത്തിന്റെ ഏകോപനം നടത്തുന്ന കണ്ണൂര്‍ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണര്‍ ടികെ രത്നകുമാര്‍ അറിയിച്ചു. ഇയാള്‍ക്കായി ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളിലും തെരച്ചില്‍ നടത്തിവരികയാണ്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications