കോര്‍പ്പറേഷനും 5 നഗരസഭകളും പിടിക്കും; 15 പഞ്ചായത്തും മറിയും; കണ്ണൂരില്‍ ലീഗിന്‍റെ വിലയിരുത്തല്‍
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട പരസ്യപ്രചാരണവും അവസാനിച്ചു കഴിഞ്ഞു. ഇന്ന് നിശബ്ദ പ്രചാരണം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കും. ആവേശം വിലക്കുകളും നിയന്ത്രണങ്ങളും ലംഘിച്ചതോടെ പലയിടത്തും കൊട്ടിക്കലാശം ആള്‍ക്കൂട്ടമായി മാറി. കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകള്‍ ഉള്ള ജില്ല എന്ന നിലയില്‍ കര്‍ശനമായ സുരക്ഷയാണ് കണ്ണൂര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലയില്‍ ശാക്തിക ബലാബലത്തിൽ കാതലായ മാറ്റം ഉണ്ടാകാൻ പോകുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്നതും യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നത്.

തികഞ്ഞ ആത്മവിശ്വാസം
തദ്ദേശപ്പോരിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നാണ് കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി അഭിപ്രായപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ ശാക്തിക ബലാബലത്തിൽ കാതലായ മാറ്റം ഉണ്ടാകാൻ പോകുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വജനപക്ഷപാതം
കഴിഞ്ഞ ഒന്നര മാസത്തോളമായി തെരഞ്ഞെടുപ്പ് സംബന്ധമായ മുന്നൊരുക്കങ്ങളുടെയും പ്രചാരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ജില്ലയിലുടനീളം സഞ്ചരിച്ചപ്പോൾ ബോധ്യപ്പെട്ടതും പങ്കെടുത്ത നൂറോളം കുടുംബ - പ്രചാരണ യോഗങ്ങളിൽ പ്രകടമായതുമായ അനുഭവങ്ങളിൽ നിന്നും മനസ്സിലായതുമായ പൊതുവികാരം,ഈ തെരഞ്ഞെടുപ്പ് പിണറായി സർക്കാറിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരായ വിധിയെഴുത്തായിരിക്കും എന്നതാണ്.

യുഡിഎഫിന്റെ കയ്യിൽ
നീതിപൂർവ്വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടന്നാൽ കണ്ണൂർ കോർപ്പറേഷനും അഞ്ച് നഗരസഭകളും ചില ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫിന്റെ കയ്യിൽ വരും. നിലവിൽ ഒമ്പത് ജില്ലാ ഡിവിഷനുകളിൽ വിജയിച്ചിട്ടുള്ള യുഡി എഫിന് നാല് ഡിവിഷനുകളിൽ കൂടി വിജയിക്കാനായാൽ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണം കൂടി എൽഡിഎഫിന് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വികസന മുരടിപ്പിനെതിരെ
നിലവിൽ യുഡിഎഫ് ഭരിച്ചു കൊണ്ടിരിക്കുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പുറമെ പതിനഞ്ചോളം ഗ്രാമപഞ്ചായത്തുകളുടെ ഭരണം യുഡിഎഫിന്റെ കൈകളിലെത്തും. വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന രാമന്തളി, പരിയാരം, ചെങ്ങളായി, നാറാത്ത്, കടമ്പൂർ, മുഴപ്പിലങ്ങാട്, ന്യൂ മാഹി, ചൊക്ലി തുടങ്ങിയ പഞ്ചായത്തുകൾ വികസന മുരടിപ്പിനെതിരെ യു ഡിഎഫിനോടൊപ്പം നിൽക്കുമെന്നും അബ്ദുള്‍ കരീം വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ
യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, എംഎം ഹസ്സൻ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി ഒട്ടേറെ നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ തെരഞ്ഞെടുപ്പിന് പ്രചരണത്തിനെത്തിയത്.

എൽഡിഎഫിന് വേണ്ടി
എന്നാൽ കഴിഞ്ഞ അഞ്ചു ദിവസമായി ജില്ലയിലുള്ള മുഖ്യമന്ത്രി എൽ. ഡി.എഫിന് വേണ്ടി ഒരു പൊതു പ്രചരണ പരിപാടിയിലും പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ലാപ്പിൽ വല്ലാതെ കിതക്കുന്ന എൽഡിഎഫിനെയും മുന്നോട്ട് കുതിക്കുന്ന യുഡിഎഫിനെയുമാണ് ജനങ്ങൾ കാണുന്നത്.
എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികൾക്കും വിജയാശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരനും
കണ്ണൂരില്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കെ സുധാകരനും അഭിപ്രായപ്പെടുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളും പിടിച്ചെടുക്കും. ജില്ലാ പഞ്ചായത്തില്‍ ശക്തമായ മത്സരമാണ് നടന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും അധികാരം ലഭിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷം ഉണ്ടാവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തുകളെ എണ്ണത്തിലും
ജില്ലയില്‍ പഞ്ചായത്തുകളെ എണ്ണത്തിലും ഏറിയ വ്യത്യാസമൊന്നും ഉണ്ടാവില്ല. യുഡിഎഫ് പ്രത്യേക പദ്ധതികളിലൂടെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വേറെ വേറെ തന്ത്രങ്ങളാണ് യുഡിഎഫ് നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നമുക്ക് അനുകൂലമാവുന്ന രീതിയിലേക്ക് പോവുകയാണ്.

കണ്ണൂര്‍ ജില്ല
കണ്ണൂര്‍ ജില്ല ഉള്ള കാലം മുതല്‍ ബൂത്തുകള്‍ പിടിച്ചെടുക്കുന്നത് പോലുള്ള ആക്രമ സംഭവങ്ങള്‍ നടക്കാറുണ്ട്. സിപിഎം എന്ന പ്രസ്ഥാനത്തിന്‍റെ സഹജമായ സ്വാഭാവം ആണത്. അതില്ലെങ്കില്‍ അവരില്ല. യുഡിഎഫ് ഇത്തവണ ശക്തമായ നിലയിലാണ്. മുന്നണിയില്‍ നല്ല ഒത്തിണക്കമുണ്ട്. മികച്ച വിജയം ഇത്തവണ സ്വന്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം












Click it and Unblock the Notifications