മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രമഹോത്സവം: രാഷ്ട്രീയ പാര്‍ട്ടി നിറമുള്ള കലശങ്ങള്‍ നിരോധിച്ചു
തലശേരി: ചരിത്ര പ്രസിദ്ധമായ മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തില്‍ വീടുകളില്‍ നിന്നുള്ള കലശങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് എടക്കാട് പൊലിസ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പൊതു സ്ഥലങ്ങളില്‍ നിന്നെടുക്കുന്ന കലശങ്ങള്‍ക്ക് അനുമതി നല്‍കില്ല. കലശങ്ങളിലും കാഴ്ചയിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ മറ്റ് സംഘടനകളുടെയോ അടയാളങ്ങളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുകയോ കാഴ്ചയിലും മറ്റും പങ്കെടുക്കുന്നവര്‍ അത്തരം അടയാളങ്ങള്‍ കൊണ്ടു നടക്കുകയോ ദേഹത്ത് ധരിക്കുകയോ പാടില്ലെന്നും എടക്കാട് പൊലിസ് ഇന്‍സ്പെക്ടര്‍ എം.അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഈ മാസം ഒന്‍പതിന് ക്ഷേത്രത്തിലേക്ക് എത്തുന്ന കലശങ്ങളും കാഴ്ചകളും ക്ഷേത്ര കമ്മിറ്റി നിഷ്‌കര്‍ഷിച്ച സമയം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പ്രധാന കവലകളിലും മറ്റും കൂടുതല്‍ സമയം ചെലവഴിച്ച് കലശവുമായി എത്തുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കരുത്. മാര്‍ഗ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൊലീസിന്റെയും ക്ഷേത്ര കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
കലശങ്ങളിലും കാഴ്ചയിലും ക്ഷേത്ര കമ്മിറ്റി നിഷ്‌കര്‍ഷിച്ച രീതിയിലുള്ള അഞ്ച് വീതം ചെണ്ടമേളമല്ലാതെ ബാന്റ്, നാദസ്വരം, നാസിക് ഡോള്‍ എന്നിവ പാടില്ല. ക്ഷേത്ര ഉത്സവ ദിവസങ്ങളില്‍ മുഴപ്പിലങ്ങാട് എടക്കാട് മേഖലകളില്‍ അനധികൃത മദ്യ വില്‍പ്പന തടയുന്നതിന് പൊലീസിന്റെയും എക്സൈസിന്റെയും വ്യാപകമായ പരിശോധന നടത്തും.
പൊതു സ്ഥലങ്ങളില്‍ പരസ്യ മദ്യപാനം നടത്തുന്നവര്‍ക്കെതിരെയും മദ്യപിച്ച് പൊതുജന ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെയും പൊലീസ് കര്‍ശന നടപടി സ്വീകരിക്കും.കാഴ്ച, കലശം എന്നിവ വരുന്ന വഴിയില്‍ വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പടക്കവും മറ്റും ഉപയോഗിക്കുന്നവര്‍ക്കെതിരെയും പൊലീസ് നിയമ നടപടി സ്വീകരിക്കും.
ഉത്സവ സമയത്ത് ക്ഷേത്ര പരിസരത്തും മുഴപ്പിലങ്ങാട് ടൗണിലും പരിസരത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും നിറങ്ങളും കൊടി തോരണങ്ങളും സ്ഥാപിക്കില്ല എന്നും റോഡിന് കുറുകെയുള്ള സ്വാഗത ബോര്‍ഡുകളും കൊടികളും മറ്റും ഒഴിവാക്കാനും യോഗത്തില്‍ ധാരണയായി. എടക്കാട് ഭാഗത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ അഞ്ജാതര്‍ കത്തിച്ച പശ്ചാത്തലത്തിലാണ് എടക്കാട് പൊലിസ് ഉത്സവാഘോഷത്തിന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.












Click it and Unblock the Notifications