ഹൈക്കോടതിയുടെത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന വിധി: എം.വി ജയരാജന്‍
കണ്ണൂര്‍: പ്രിയാവര്‍ഗീസിന് അസോ. പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്ന ദുരൂവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണ് ഹൈക്കോടതിയുടെതെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസോസിയേറ്റ് പ്രൊഫസറായില്ലെങ്കില്‍ പ്രൊഫസറാകാന്‍ കഴിയില്ല.
സ്ത്രീ സമൂഹത്തോടുളള വെല്ലുവിളിയാണിത്.അക്കാദമിക് ഡെപ്യൂട്ടേഷനിലുള്ള കാലം സര്‍വീസായി കണക്കാക്കില്ലെന്ന വിധി ഇപ്പോള്‍ ജോലി ചെയ്യുന്ന പല പ്രിന്‍സിപ്പാള്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇപ്പോഴിരിക്കുന്ന തസ്തികയില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും.

ഒരു അധ്യാപിക പ്രസവാവധിക്ക് പോയാല്‍ അവരുടെ ആ ഒരുവര്‍ഷം സേവനകാലമായി കണക്കാക്കാതിരിക്കാന്‍ കഴിയുമോ. ഇതു പോലെ ഒരു ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി സ്ഥാനകയറ്റം കിട്ടണമെങ്കില്‍ അവര്‍ മെറ്റേണിറ്റി അവധിയില്‍ പോയാല്‍ എന്തു ചെയ്യുമെന്നും എം.വി ജയരാജന്‍ ചോദിച്ചു.
മെറ്റേണിറ്റി പിരീഡും സേവനകാലമായി കണക്കാക്കി അവര്‍ക്ക് പ്രമോഷന്‍ കൊടുക്കാന്‍ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കഴിയില്ല. ജുഡീഷ്യല്‍ എക്‌സിപീരിയന്‍സിന്റെ സേവനകാലങ്ങള്‍ ഉള്‍പ്പെടെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന വിധിയാണുണ്ടായിരിക്കുന്നതെന്നു എം.വി ജയരാജന്‍ പറഞ്ഞു. ഹൈക്കോടതി വിധിയുടെ മറ്റുവശങ്ങളെ കുറിച്ചു വ്യക്തമായി അറിയില്ലെന്നും അതു മനസിലാക്കിയതിനു ശേഷം പ്രതികരിക്കുമെന്നും എം. വി ജയരാജന്‍ പറഞ്ഞു.
ഇതേ സമയം കണ്ണൂര്‍ സര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ തിരുകികയറ്റുവാനുള്ള നീക്കത്തിനെ തടയിട്ടുകൊണ്ടുള്ളകേരള ഹൈക്കോടതി വിധിയില്‍ സന്തോഷം രേഖപെടുത്തുന്നതായി സര്‍വകലാശാല സെനറ്റ് അംഗം ഡോ. ആര്‍. കെ. ബിജു അറിയിച്ചു. മേല്‍ പറഞ്ഞ നിയമനവുമായി ബന്ധപ്പെട്ട് താന്‍നല്‍കിയിട്ടുള്ള മുഴുവന്‍ പരാതികളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ നിയമിക്കുവാനുള്ള നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചതു തന്നെ വിസി പുനര്‍നിയമനത്തിനുള്ള പ്രേത്യുപകാരമായാണ് എന്നത് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. അല്ലെങ്കില്‍ അടിസ്ഥാനയോഗ്യതപോലും ഇല്ലാത്ത ഒരാളെ എന്തിനാണ് നിയമിക്കുവാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായതെന്നു അദ്ദേഹം വ്യക്തമാക്കണമെന്നും ബിജു പറഞ്ഞു.
സര്‍വകലാശാല രജിസ്ട്രാര്‍ കോടതിയില്‍ നല്‍കിയിരുന്ന അഫീഡവിറ്റ് വായിച്ചപ്പോള്‍ അതിശയം തോന്നി. ആര്‍ക്ക് വേണ്ടിയാണു സര്‍വകലാശാല സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല. ആക്കാദമിക നിലവാരം ഉയര്‍ത്തുവാന്‍, അല്ലെങ്കില്‍ ഗുണമേന്മ വര്‍ധിപ്പിക്കുവാന്‍ വേണ്ടി രജിസ്ട്രാര്‍ നടത്തുന്ന കഠിന ശ്രമങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ അദ്ദേഹം താല്‍സ്ഥാനത്ത് ഇരിക്കുവാന്‍ യോഗ്യനല്ലെന്നും സ്വയം തെളിയിച്ചിരിക്കുകയാണ്.
കൂടാതെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ കോവിഡിന്റെ മറവില്‍ ഓണ്‍ലൈന്‍ വഴി നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളും പുനപരിശോധിക്കുവാന്‍ സര്‍വകലാശാല തയ്യാറാവാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ഡോ. ആര്‍. കെ. ബിജു മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications