'കൊലയാളികളിൽ മാത്രമല്ല, നേതാക്കളിലുമുണ്ട് രക്തക്കറ', ബിജെപിക്കെതിരെ എംവി ജയരാജൻ
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടെന്ന് ആരോപിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പ്രതികളെ വെള്ളപൂശി നേതാവ് നടത്തിയ പ്രസംഗം അതിന് തെളിവാണെന്ന് എംവി ജയരാജൻ പറഞ്ഞു. കേസിലെ പ്രതികളിൽ പലരും ബിജെപി ആർഎസ്എസ് നേതാക്കളാണ്, അതുകൊണ്ടാണ് നിരപരാധികളാണെന്ന വാദവുമായി അവരെ രക്ഷിക്കാൻ സമരം നടത്തിയത് എന്നും എംവി ജയരാജൻ ആരോപിച്ചു. പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചതോടെ കൊലയാളികളെ വെള്ളപൂശി രക്ഷിക്കാൻ സമരവുമായി രംഗത്തിറങ്ങിയ ബിജെപി നേതാക്കൾ പരിഹാസ്യരായി എന്നും എംവി ജയരാജൻ പറഞ്ഞു.
യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
കൊലയാളികളിൽ മാത്രമല്ല, നേതാക്കളിലുമുണ്ട് രക്തക്കറ എന്ന തലക്കെട്ടിലാണ് എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. പൂർണരൂപം വായിക്കാം: '' സിപിഐ(എം) പ്രവർത്തകൻ ഹരിദാസൻ വധക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ കൊലയാളികളെ വെള്ളപൂശി രക്ഷിക്കാൻ സമരവുമായി രംഗത്തിറങ്ങിയ ബിജെപി നേതാക്കൾ പരിഹാസ്യരായി. കൊലക്കുപയോഗിച്ച ആയുധവും സ്‌കൂട്ടറും, മുഖ്യകൊലയാളിയുടെ ചോരപുരണ്ട വസ്ത്രവും അയാൾ തന്നെ പോലീസിന് ചൂണ്ടിക്കാട്ടി.

ഗൂഢാലോചനയിൽ മാത്രമല്ല, ആസൂത്രണത്തിലും കുറ്റകൃത്യത്തിലും നേരിട്ട് പങ്കാളിയാണ് ഒന്നാം പ്രതിയായ ബിജെപി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ആളെന്നാണ് തെളിവുകൾ സഹിതം പോലീസ് കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കേസിലെ പ്രതികളിൽ പലരും ബിജെപി ആർഎസ്എസ് നേതാക്കളാണ്. അതുകൊണ്ടാണ് നിരപരാധികളാണെന്ന വാദവുമായി അവരെ രക്ഷിക്കാൻ സമരം നടത്തിയത്. സിപിഐ(എം) ജില്ലാ സെക്രട്ടറി പറയുന്നതു പോലെയല്ല പ്രതികൾ പോലീസിന് നൽകിയ മൊഴികളും അതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകളും അനുസരിച്ചാണ് പോലീസ് പ്രവർത്തിച്ചതെന്ന് ഇപ്പോൾ വ്യക്തമായി.
ബിജെപി സംസ്ഥാന നേതാവിന്റെ നാട്ടിലാണ് മണ്ഡലം നേതാക്കളും അനുയായികളും കൊലനടത്തിയത്. പ്രതികളെ വെള്ളപൂശി നേതാവ് നടത്തിയ പ്രസംഗം കൊലയ്ക്ക് പിന്നിൽ സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടെന്നതിന് തെളിവുകൂടിയാണ്. പാവപ്പെട്ട ഒരു കുടുംബത്തിന്റെ അത്താണിയായ ഒരു മത്സ്യത്തൊഴിലാളിയുടെ കാൽ അറുത്തെടുക്കുകയും ദേഹമാസകലം വെട്ടിനുറുക്കി കൊല്ലുകയും ചെയ്തവരിൽ മാത്രമല്ല, അതിന് കൂട്ടുനിന്ന ബിജെപി ആർഎസ്എസ് നേതാക്കളുടെ കൈകളിലുമുണ്ട് ചോരക്കറ. മറക്കാനാകില്ല, ഒരിക്കലും''.












Click it and Unblock the Notifications