'മേയറോടൊരു ചോദ്യം-ദസറയാഘോഷം ധൂർത്താണോ? പണം പിരിച്ചത് ശരിയാണോ?; എംവി ജയരാജൻ
കണ്ണൂർ: നവകേരള സദസിന് കണ്ണൂർ കോർപ്പറേഷൻ പണം നൽകില്ലെന്ന മേയർ ടിഒ മോഹനന്റെ പ്രതികരണത്തിൽ വിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജന്. സങ്കുചിത രാഷ്ട്രീയം മാത്രമാണ് കോൺഗ്രസ്സിന്റെ മേയർക്കുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോർപ്പറേഷൻ പണം ജനങ്ങളുടെ പണമാണ്. അതുപയോഗിച്ച് നഗരത്തിലെ പൊളിഞ്ഞ റോഡുകളെങ്കിലും ഗതാഗതയോഗ്യമാക്കാൻ മേയർ തയ്യാറാകുമോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
സ്‌പോൺസർമാരിൽ നിന്നും പണം കണ്ടെത്തി നടത്തുന്ന 'കണ്ണൂർ ദസറ' ധൂർത്താണോ? അനുമതിയില്ലാതെ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയതും അവരെക്കൊണ്ട് പണംപിരിപ്പിച്ചതും ശരിയാണോ? നവകേരളസദസ്സിന് സർക്കാർ ഉത്തരവ് പ്രകാരം പണം അനുവദിക്കില്ലെന്ന് പറയുന്ന കണ്ണൂർ മേയറോടാണ് ഈ ചോദ്യങ്ങൾ.

കണ്ണൂരിന്റെ വിവിധ വികസന പദ്ധതികൾക്കായി എൽഡിഎഫ് സർക്കാർ അനുവദിച്ച തുക ധൂർത്താണോ? കോർപ്പറേഷന് സ്വന്തം കെട്ടിടം നിർമിക്കാൻ സർക്കാർ അനുവദിച്ച 23 കോടി രൂപ ധൂർത്താണോ? മാലിന്യനിർമാർജ്ജന പദ്ധതിക്കായി കോടികൾ അനുവദിച്ചത് ധൂർത്താണെന്ന് മേയർ പറയുമോ? സിറ്റി റോഡ് പദ്ധതിയും മേൽപ്പാലവും ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾക്കായി 1000 കോടി രൂപ അനുവദിച്ചത് ധൂർത്താണോ?
ഇത്രയും വികസന പദ്ധതികൾ യുഡിഎഫ് ഭരിക്കുമ്പോൾ അനുവദിച്ചിരുന്നില്ല. സ്ഥലം അനുവദിക്കാത്തതുകൊണ്ട് ലൈഫ് പദ്ധതിയും മറ്റ് നഗരങ്ങളെപ്പോലെ സ്‌പോർട്‌സ് വകുപ്പുമായി കരാർ ഉണ്ടാക്കാത്തതുകൊണ്ട് ജവഹർ സ്‌റ്റേഡിയം നവീകരണപദ്ധതിയും തട്ടിത്തറിപ്പിച്ച മേയർ വികസനപദ്ധതികളുടെ ആരാച്ചാരാണെന്നത് ജനങ്ങൾക്കറിയാം. നവകേരള സദസ്സും പൊളിക്കാൻ വേണ്ടി ഗവേഷണം നടത്തുകയാണിപ്പോൾ. അതുകൊണ്ടാണ് സർക്കാർ ഉത്തരവ് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുന്നത്.
സർക്കാറിന്റെ ഏത് പദ്ധതിയോടാണ് കണ്ണൂർ മേയർ അനുകൂല നിലപാട് സ്വീകരിച്ചത്? സങ്കുചിത രാഷ്ട്രീയം മാത്രമാണ് കോൺഗ്രസ്സിന്റെ മേയർക്കുള്ളത്. കോർപ്പറേഷൻ പണം ജനങ്ങളുടെ പണമാണ്. അതുപയോഗിച്ച് നഗരത്തിലെ പൊളിഞ്ഞ റോഡുകളെങ്കിലും ഗതാഗതയോഗ്യമാക്കാൻ മേയർ തയ്യാറാകുമോ?'.












Click it and Unblock the Notifications