എംവിആർ അനുസ്മരണം: നേരിട്ട് പങ്കെടുത്തില്ല, വീഡിയോ സന്ദേശം അയച്ച് നല്‍കി പികെ കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: കണ്ണൂരില്‍ നടന്ന എം.വി. ആര്‍ അനുസ്മരണപരിപാടിയില്‍ പങ്കെടുത്തില്ലെങ്കിലും തന്റെ വീഡിയോ സന്ദേശമയച്ചു സാന്നിധ്യമറിയിച്ചു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പലസ്തിന്‍ ഐക്യദാര്‍ഡ്യസെമിനാറില്‍ സാങ്കേതിക കാരണം പറഞ്ഞു മുസ്‌ലിംലീഗ് പിന്‍മാറിയതിനു പിന്നാലെയാണ് സി പി എം അനുകൂല സെമിനാറില്‍ നിന്നും മുസ്‌ലിം ലീഗ് നേതാവ് മുഖ്യാതിഥിയായി ക്ഷണിച്ചിട്ടും ഒഴിവായി നിന്നത്.
കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ എം വി ആറിന്റെ മരുമകന്‍ പ്രൊഫ. ഇ കുഞ്ഞിരാമനും മകന്‍ എം വി നികേഷ് കുമാറും നേതൃത്വം നല്‍കുന്ന സി പി എം അനുകൂല വിഭാഗം നടത്തിയ പരിപാടിയില്‍ നിന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പിന്‍മാറിയത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിലും തന്റെ വീഡിയോ സന്ദേശം സംഘാടകര്‍ക്ക് കുഞ്ഞാലിക്കുട്ടി മുന്‍കൂട്ടി അയച്ചു കൊടുത്തത് താല്‍ക്കാലിക ആശ്വാസമായി മാറി.

അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും സഹകരണ മേഖലയെ തകര്‍ക്കുന്ന നയപരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുടെത് ജനകീയ ഇടപെടലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിളള സി പി എം അനുകൂല എം വി ആര്‍ ട്രസ്റ്റ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു.
ഡി സി സി അനുമതിയോടെയാണ് പരിപാടിയില്‍പങ്കെടുത്തതെന്നു കരകുളം കൃഷ്ണപിളള പറഞ്ഞു. തനിക്ക് ഒരുവിലക്കും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് അസൗകര്യം കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കുന്നവര്‍ക്കുളള വിലക്കാണ് പി കെ കുഞ്ഞാലിക്കുട്ടി എം വി ആര്‍ ട്രസ്റ്റിന് അയച്ച വീഡിയോ സംഭാഷണമെന്നു സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. സെമിനാറില്‍ പി കെ കുഞ്ഞാലിക്കുട്ടി വരണമെന്നു ആഗ്രഹിച്ചവരും വരേണ്ടെന്നു ആഗ്രഹിച്ചവരുമുണ്ട്. സഹകരണ മേഖലയില്‍ രാഷ്ട്രീയത്തിനതീതമായ സഹകരണം അനിവാര്യമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
സി എം പി ഔദ്യോഗിക വിഭാഗം നേതാവ് സി പി ജോണിന്റെ ഇടപെടല്‍ കാരണമാണ് പി കെ കുഞ്ഞാലിക്കുട്ടി അവസാന നിമിഷം പരിപാടിയില്‍ നിന്നും പിന്‍മാറിയതെന്നാണ് യു ഡി എഫില്‍ നിന്നും ലഭിക്കുന്ന വിവരം. സി പി എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തങ്ങളുടെ അതൃപ്തി നേരത്തെ ലീഗ് നേതൃത്വത്തെ സി പി ജോണ്‍ അറിയിച്ചിരുന്നു. എം വി ആറിന്റെ മകന്‍ എം വി നികേഷ് കുമാറാണ് പി കെ കുഞ്ഞാലിക്കുട്ടിയെ അനുസ്മരണ പരിപാടിയിലേക്ക്ക്ഷണിച്ചത്.
എം വി ആറുമായുളള അടുപ്പത്തെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചത്. ഇതിനെ സി പി എം വേദിയില്‍ പങ്കെടുക്കുന്നുവെന്ന വ്യാഖ്യാനമുണ്ടായതാണ് കുഞ്ഞാലിക്കുട്ടിയെ പിന്‍തിരിപ്പിച്ചത്. തനിക്കേറെ പ്രീയപ്പെട്ട എം.വി ആറിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും പരിപാടിയില്‍ പങ്കെടുക്കാനാവത്തതില്‍ ദു:ഖമുണ്ടെന്നും കുഞ്ഞാലിക്കുട്ടി തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മുസ്‌ലിം ലീഗിനെ ഭയക്കുകയാണെന്നും ലീഗില്ലെങ്കില്‍ യു ഡി എഫുണ്ടാവില്ലെന്നു അറിയാവുന്ന കെ സുധാകരനും വി.ഡി സതീശനുമാണ് ഇതിന് പിന്നിലെന്നും മന്ത്രി വി എന്‍ വാസവന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.
കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്കെന്ന വിഷയത്തിലാണ് എം വി ആര്‍ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ നടത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. എം വി നികേഷ് കുമാര്‍, എം വി ജയരാജന്‍, കരകുളം കൃഷ്ണപിളള തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications