'എനക്ക് എന്റെ മീശ അലങ്കാരമല്ല, അഹങ്കാരമാണ്': വൈറല്‍ മീശക്കാരി ഷൈജയ്ക്ക് പറയാനുള്ളത്
കണ്ണൂർ: ആണത്തത്തിന്റെ കൊടിയടയാളമായി പൊതുവെ കൊണ്ടു നടക്കുന്ന കാര്യമാണ് മീശയെന്നത്. ആ മീശയൊന്ന് പിരിച്ചാല്‍ വീര്യമൊന്ന് കൂടെ കൂടുമെന്ന വാർപ്പ് മാതൃകകള്‍ നിരവധി സിനിമകളിലും നാം കണ്ടു. അപ്പോള്‍ മറുവശത്ത് പെണ്ണിന് ചുണ്ടിനും മൂക്കിനും ഇടയില്‍ അല്‍പം രോമ വളർച്ചയുണ്ടായാല്‍ അതിനെ കളിയാക്കാനും മലയാളികള്‍ മറന്നില്ല.
എന്നാല്‍ ഇതിനെയെല്ലാം വെല്ലുവിളിച്ച് മീശ പിരിച്ചുകൊണ്ട് തന്നെ നേരിടുകയാണ് കണ്ണൂർ കണ്ണവനം കാരിയായ ഷൈജ. സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഷൈജയെക്കുറിച്ച് ബിബിസിയില്‍ വരെ വാർത്തയും വന്ന് കഴിഞ്ഞു.

പഠിക്കുന്ന സമയത്ത് തന്നെ പൊടിമീശയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ അഞ്ചാ വർഷത്തിനിടയിലാണ് മീശയ്ക്ക് കട്ടികൂടി വന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈജ വ്യക്തമാക്കുന്നത്. വളരെയേറേ ഇഷ്ടമായത് കൊണ്ടാണ് മീശ വളർത്തുന്നത്. 'എനക്ക് എന്റെ മീശ അലങ്കാരമല്ല, അഹങ്കാരമാണ്'-ഷൈജ പറയുന്നു
സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ

മീശയ്ക്ക് കട്ടി കൂടിവരുന്നുണ്ടെന്ന് വീട്ടുകാരൊക്കെ ആദ്യം പറയാറുണ്ടായിരുന്നു. ചില നാട്ടുകാരും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആരും ഒന്നും പ്രതികൂലമായി പറയാറില്ല. എല്ലാവരും അനുകൂലാണ്. പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മീശ ഞാനെടുക്കില്ലെന്ന് അവർക്ക് അറിയാം. വിവാഹസമയത്തൊക്കെ പൊടി മീശയാണ് ഉണ്ടായത്. ഭർത്താവിനും മീശയുടെ കാര്യത്തില്‍ പ്രശ്നമൊന്നും ഇല്ല.

സ്ഥിരം കാണുന്നവർക്കൊന്നും ഇതൊരു വിഷയമല്ല. അല്ലാതെ പുറത്തേക്ക് പരിചയമില്ലാത്ത ആളുകള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോഴാണ് ആള്‍ക്കാർ നോക്കുന്നത്. പത്താംക്ലാസില്‍ പഠിക്കുന്ന മകളുണ്ട്. അവള്‍ക്കേതായാലും മീശ വെക്കാന്‍ ഇഷ്ടമില്ല. പക്ഷെ അമ്മ വെച്ചോ എന്ന് പറയും. അമ്മയ്ക്ക് നന്നായി ചേരുമെന്നും അവള്‍ പറയുമെന്നും ഷൈജ പറയുന്നു.

രണ്ട് അറ്റവും ഇറങ്ങി വരുമ്പോള്‍ ഒന്ന് വെട്ടി ഒതുക്കും അല്ലാതെ മീശയ്ക്കായി വേറെ ഒന്നും ചെയ്യുന്നില്ല. ബ്യൂട്ടി പാർലറില്‍ പോയി ത്രെഡ് ചെയ്യുന്നുണ്ടല്ലോ, പിന്നെന്താ മീശ എടുത്താലെന്ന് ചിലർ ചോദിക്കും. അവരോട് പറയാനുള്ളത് 'ത്രെഡ് ചെയ്യണോ, മീശ വെക്കണോ എന്നത് എന്റെ ഇഷ്ടമാണ്, ഇത് എന്റെ ജീവിതമാണ്. ഒരു ജീവിതമല്ലേ ഉള്ളു. രണ്ട് ഉണ്ടായിരുന്നെങ്കില്‍ ഒന്നില്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കാമായിരുന്നു. പക്ഷെ നമുക്ക് ഒരു ചെറിയ ജീവിതമല്ലേ ഉള്ളു. അത് കാരണം ഞാന്‍ എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കും' എന്നാണ് ഷൈജയുടെ മറുപടി.

സോഷ്യല്‍മീഡിയയില്‍ ഒരുപാട് നെഗറ്റീവ് കമന്റ് വരാറുണ്ട്. അത് വായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. വായിച്ച് ചിരിക്കും. ചിലത് എടുത്ത് വാട്സാപ്പില്‍ സ്റ്റാറ്റസ് വെക്കും. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ മീശക്കാരി എന്ന പേരിലാണ് അക്കൌണ്ട്. നാട്ടിൽ മീശക്കാരി ഷൈജയെന്നാണ് അറിയപ്പെടുന്നത്. അതിൽ യാതൊരു വിഷമവുമില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുമ്പോഴാണ് പെണ്ണുങ്ങൾ ദുർബലകളായിപ്പോകുന്നത്. സിനിമയിൽ താത്‌പര്യമുണ്ടോയെന്നന്വേഷിച്ച് രണ്ടുസംവിധായകർ വിളിച്ചിരുന്നുവെന്നും മീശക്കാരി പറയുന്നു.












Click it and Unblock the Notifications