മിത്ത് വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് സ്പീക്കര്‍; ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി
തലശേരി: മിത്ത് വിവാദം അടഞ്ഞ അധ്യായമാണെന്ന നിലപാടില്‍ സിപിഎം നേതൃത്വം. ഗണപതി മിത്താണെന്ന പരാമര്‍ശമുണ്ടാക്കിയ വിവാദങ്ങളില്‍ നിന്നും പുതുപ്പളളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തലയൂരാനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കുന്നത്തുനാട് സ്‌കൂളിലെ വിവാദ പ്രസംഗത്തില്‍ തന്റെ പ്രതികരണം നേരത്തെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ് ഈ വിഷയത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി.
ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഷംസീര്‍ മാപ്പു പറയണമെന്ന ആവശ്യം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചിരിക്കുകയാണല്ലോയെന്ന ചോദ്യത്തില്‍ നിന്നും സ്പീക്കര്‍ ഒഴിഞ്ഞുമാറി. നേരത്തെ മിത്ത് വിവാദം അവസാനിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നേതാക്കള്‍ നടത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.

ഇതേ തുടര്‍ന്നാണ് വിവാദ പ്രസംഗം നടത്തിയ സ്പീക്കറും മൗനം പാലിക്കുന്നതെന്നാണ് സൂചന. പുതുപ്പളളി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിന്റെ പ്രചരണത്തിനിടെയില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാക്കാതെ വികസന മുദ്രാവാക്യങ്ങള്‍ മാത്രം ഉയര്‍ത്തിപിടിക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈന്ദവസംഘടനകളെ പ്രകോപിപ്പിച്ച മിത്ത് വിവാദം വീണ്ടും ചര്‍ച്ചയാക്കേണ്ടെന്ന് തീരുമാനിച്ചത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക്ക് സി തോമസ് സന്ദര്‍ശിക്കുകയും എന്‍എസ്എസും സുകുമാരന്‍ നായരും മതേതര നിലപാട് സ്വീകരിക്കുന്ന നേതാവാണെന്ന് പുകഴ്ത്തുകയും ചെയ്തിരുന്നു. എന്‍എസ്എസുമായി തങ്ങള്‍ക്ക് യാതൊരു പിണക്കവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചിരുന്നു.
എന്നാല്‍ എന്‍എസ്എസ് തെരഞ്ഞെടുപ്പ് വേളകളില്‍ സ്വീകരിക്കുന്ന സമദൂരസിദ്ധാന്തത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. എന്‍എസ്എസിനോട് പരസ്യമായുളള പോര് തുടര്‍ന്നാല്‍ പുതുപളളിയില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎമ്മിന്റെ പിന്‍മാറ്റം.












Click it and Unblock the Notifications