മാധ്യമ പ്രവർത്തനം ബോഫേഴ്സ് കാലത്തെക്കാൾ അപകടകരം : എൻ. റാം
കണ്ണൂർ:അന്വേഷണാത്മക മാധ്യമ പ്രവർത്തനം ഇന്ന് ബൊഫോഴ്സ് കാലത്തെക്കാൾ ഏറെ അപകടകരവും സാഹസികവുമാണെന്ന് പ്രമുഖ ദേശീയ മാധ്യമ പ്രവർത്തകൻ എൻ റാം പറഞ്ഞു. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലാ ക്യാമ്പസിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
എൺപതുകളിൽ താനും ചിത്ര സുബ്രഹ്മണ്യവും ചേർന്ന് ബൊഫോഴ്സ് രഹസ്യങ്ങൾ പുറത്തു കൊണ്ടുവന്ന ഘട്ടത്തിൽ ഭരണാധികാരികളിൽനിന്നും ഭരണകക്ഷി നേതാക്കളിൽനിന്നും ഒറ്റപ്പെട്ട ഇടപെടലുകളുണ്ടായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇടപെട്ടില്ല. പ്രതിരോധ മന്ത്രി കെ സി പന്തും ചില കോൺഗ്രസ് നേതാക്കളും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഏറ്റെടുത്ത ദൗത്യം തുടരാൻ തടസ്സമൊന്നുമുണ്ടായില്ല. ഇപ്പോൾ അതല്ല സ്ഥിതി. ഭരണകൂടം വലിയ നിലയ്ക്ക് ഇടപെടുകയാണ്. 2019 ൽ റഫാൽ അഴിമതി പുറത്തു കൊണ്ടുവന്നതിനെ തുടർന്ന് ദി വയറിനു നേരെയുണ്ടായ ആക്രമണം നമ്മുടെ മുന്നിലുണ്ട്. സിദ്ദിഖ് കാപ്പനെപ്പോലെ വ്യക്തിഗത ഉദാഹരണങ്ങളും അനവധി. എൻഡിടിവി സ്ഥാപകൻ പ്രണോയ് റോയിക്കും ഭാര്യക്കുമെതിരെ എത്ര ഹീനമായ കടന്നാക്രമണമാണുണ്ടായത്. ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊല ചെയ്യപ്പെട്ട കാലമാണിത്.

അടിയന്തരാവസ്ഥയുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യപ്പെടുത്താമോ എന്ന ചോദ്യത്തിന് ഇന്നത്തെക്കാൾ മോശമായിരുന്നു അടിയന്തരവാസ്ഥക്കാലത്തെ മാധ്യമ പ്രവർത്തനമെന്നായിരുന്നു മറുപടി. ഒറ്റപ്പെട്ട ചെറുത്തു നിൽപ്പുകളുണ്ടായിരുന്നെങ്കിലും പൊതുവിൽ മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തെ പിന്തുണയ്ക്കുകയായിരുന്നു. എൽ കെ അദ്വാനിയുടെ വാക്കുകൾ കടമെടുത്താൽ ഭരണാധികാരികൾ കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുകയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും . ഇന്ന് സാമൂഹ്യ മാധ്യമങ്ങളും ഡിജിറ്റൽ മാധ്യമങ്ങളും മറ്റുമായി പ്രതിരോധം കൂടുതൽ ശക്തവും വ്യാപകവുമാണ്. ദി വയർ തന്നെ ഏറ്റവും നല്ല ഉദാഹരണം.
ഹിന്ദുത്വ - അമിതാധികാര സർക്കാർ എല്ലാ രംഗത്തും പിടിമുറുക്കുകയാണ്. ജൂഡീഷ്യറി പോലും വെല്ലുവിളി നേരിടുന്നു. ഉപരാഷ്ട്രപതി തന്നെ ജൂഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. എന്നാൽ മാധ്യമ പ്രവർത്തകർ പ്രതീക്ഷ കൈവിടരുത്. ഹൃദയം തകരാതെ നേരിനെ ആദ്യം വിളിച്ചു പറയണം. എല്ലാ അമിതാധികാര വാഴ്ചകളും നിലംപതിച്ചിട്ടുണ്ടെന്നതാണ് ചരിത്രം.
മാധ്യമ രംഗത്ത് സർക്കാർകൂടി നിക്ഷേപമിറക്കുന്ന കാലത്ത് അന്വേഷണാത്മക മാധ്യമ പ്രവർത്തനം സാധ്യമാണോ എന്ന ചോദ്യത്തിന്, സാധ്യമാണെന്ന് മറുപടി നൽകി. അഴിമതി പുറത്തു കൊണ്ടുവരാൻ മാത്രമാകണമെന്നില്ല ഈ അന്വേഷണം. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ ഒക്കെ പുറത്തു കൊണ്ടുവരാനാകും. ഏറെക്കുറെ അതു നടക്കുന്നുണ്ടെന്നാണ് തന്റെ അഭിപ്രായം. അതേസമയം, കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. സാങ്കേതിക സൗകര്യങ്ങൾ ഏറെ വികസിച്ചെങ്കിലും തീർത്തും ഏകപക്ഷീയമാണ് ഇവിടത്തെ വാർത്താ റിപ്പോർട്ടിംഗ്. ഗോസിപ്പുകൾ പടച്ചുവിടുന്നവരായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മാറിയെന്നും എൻ റാം പറഞ്ഞു.
മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. ഡോ. വി ശിവദാസൻ , ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് എന്നിവരും സംസാരിച്ചു.












Click it and Unblock the Notifications