അപകടകുരുക്കായി ദേശീയപാത സര്‍വീസ് റോഡുകള്‍; അശാസ്ത്രീയതക്കൊപ്പം അശ്രദ്ധയും
തലശേരി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വാഹന ഗതാഗതം വഴി തിരിച്ചുവിട്ട സര്‍വീസ് റോഡുകളില്‍ യാത്രക്കാരുടെ ജീവന് അപകട ഭീഷണി നേരിടുന്നു. തളിപ്പറമ്പ് മുതല്‍ തലശേരി വരെ ജീവന്‍ പണയം വെച്ചു കൊണ്ടാണ് ചെറുവാഹനങ്ങള്‍ ഇതിലൂടെ യാത്ര ചെയ്യുന്നത്. നിരവധി പേര്‍ സര്‍വീസ് റോഡിലുണ്ടായ അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് തളിപ്പറമ്പ് മേഖലയിലാണ്.
പരിയാരം കോരന്‍ പീടികയില്‍ സര്‍വീസ് റോഡിലേക്ക് കയറ്റി സ്ഥാപിച്ച ഇരുമ്പു തൂണുകള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാതെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ വലിയ അപകട സാധ്യതയാണ് ഈ റോഡുകളില്‍ പതിയിരിക്കുന്നത്.

ഇടതടവില്ലാതെ ചെറുതും വലുതുമായി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ സര്‍വീസ് റോഡ് തകര്‍ന്നിട്ടും പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ ഇതേവരെ യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല. വാഹന യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്നാണ് പ്രദേശവാസികളുടെ പരാതി. ചിലയിടങ്ങളില്‍ പാച്ച് വര്‍ക്ക് നടത്തിയത് പൊങ്ങി നില്‍ക്കുന്നത് വാഹനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ്.
മുന്നറിയിപ്പും ഡിവൈഡറുകളും സ്ഥാപിക്കാതെയുള്ള നിര്‍മ്മാണമാണ് പലയിടത്തും നടക്കുന്നത്. കോരന്‍പീടിക മാത്രമല്ല, ചുടലയില്‍ റോഡുകള്‍ തകര്‍ന്ന് ചെളി നിറഞ്ഞു ദുരിതപൂര്‍ണ്ണമായിരിക്കുന്നു. കുപ്പത്ത് ക്രാഷ് ബാരിയറോ സൈഡ് ഡിവൈഡറോ ഇല്ലാതെ വാഹനങ്ങള്‍ തെന്നുന്നു. തളിപ്പറമ്പ് ചിറവക്ക് മുതല്‍ റോഡുകള്‍ അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ബക്കളം എംവിആര്‍ ഹോസ്പിറ്റല്‍ സര്‍വീസ് റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മാങ്ങാട്ടുപറമ്പ് ബസ് സ്റ്റോപ്പ് മുതല്‍ ബക്കളം വരെ റോഡ് തകര്‍ന്നു കിടക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് പിലാത്തറ വിളയാങ്കോട് നിര്‍മ്മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം കുപ്പത്ത് സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് വീണു പരുക്കേറ്റു.
ഇത്രയും ദയനീയമായ അവസ്ഥയില്‍ ദേശീയപാത യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമുണ്ടാക്കുമ്പോള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന പരാതി വ്യാപകമാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പുറകെ പോകുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ പൊടി തിന്നുന്ന സാഹചര്യമാണുള്ളത്. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് റോഡിലൂടെയാണ് ചീറി പായുന്നത്. തലശേരി - മാഹി ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങളായിട്ടും ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി തന്നെയാണ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications