സുരക്ഷ ജീവനക്കാരുമായി തര്‍ക്കം, തീയിട്ടത് ബംഗാള്‍ സ്വദേശി? മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സൂചന
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയാണെന്ന് സൂചന. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വെ സ്റ്റേഷന് സമീപത്ത് തീയിട്ടത് ഇയാളാണെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസോ റെയില്‍വെ അധികൃതരോ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല. പൊലീസ് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗാള്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
റെയില്‍വെ സ്റ്റേഷനിലെ സുരക്ഷ ജീവനക്കാരും ബംഗാള്‍ സ്വദേശിയും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി തര്‍ക്കമുണ്ടായെന്നാണ് വിവരം. അതിന്റെ പകപോക്കലാണ് ട്രെയിന്‍ തീയിട്ടതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയെ സുരക്ഷ ജീവക്കാരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. തര്‍ക്കത്തിന് കാരണമെന്താണെന്നും എങ്ങനെയാണ് തീയിട്ടത് എന്നതടക്കമുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

കത്തി നശിച്ച കോച്ചില്‍ നടത്തിയ പരിശോധനയില്‍ പെട്രോളോ ഡീസലോ മണ്ണണ്ണയുടെയോ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ട്രെയിനിനെ സീറ്റ് കുത്തിക്കീറിയ ശേഷമാണോ തീയിട്ടതെന്നും ഇതിന് ശേഷം ആളി പടര്‍ന്നതാണോ എന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഔദ്യോഗിക സ്ഥിരീകരണമോ പ്രതികരണമോ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ട്രാക്കിന് സമീപത്ത് തീയിട്ടത് ഇയാളാണെന്നും പറയുന്നുണ്ട്. എന്നാല്‍ അന്ന് ഇയാളെ പിടികൂടിയെങ്കിലും മാനസിക പ്രശ്‌നമുള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപിടിത്തമുണ്ടായത്.
ട്രെയിനിന്റെ പിറകിലുള്ള ജനറല്‍ കോച്ചിലാണ് തീ പിടിത്തമുണ്ടായത്. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മറ്റ് കോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടം ഒഴിവായത്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അതേ ട്രെയിനിന്റെ കോച്ചില്‍ തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പൊലീസ് നിഗമനം.
തീപിടിത്തമുണ്ടായ യാര്‍ഡില്‍ നിന്ന് മീറ്ററുള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോയുള്ളത്. ഇവിടെയുള്ള സി സി ടി വി ക്യാമറകളില്‍ നിന്ന് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പൊലീസ് പരിശോധനയ്ക്കിടെ പൊലീസ് നായ ട്രെയിന്‍ നിര്‍ത്തിയിട്ടതിന് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് പോയത്.












Click it and Unblock the Notifications