എസ്എംഎ രോഗബാധിതയായ ഷാനിമോള്‍ക്ക് വേണം 6 കോടി രൂപ; നാടൊരുമിക്കുന്നു
കണ്ണൂര്‍: കണ്ണൂര്‍ തളിപറമ്പില്‍ എസ് എം എ രോഗബാധിതയായ മൂന്ന് വയസുകാരി പരിയാരം വായാട് ഷാനിമോളുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ ഒരുമിക്കുന്നു. 6 കോടി രൂപയുടെ ചികിത്സാ സഹായമാണ് ഷാനിമോള്‍ക്ക് വേണ്ടത്. എത്രയും പെട്ടെന്ന് 6 കോടി രൂപ വില വരുന്ന സോള്‍ജന്‍സ്മ തെറാപ്പി ചികിത്സ നല്‍കിയാല്‍ മാത്രമേ ഷാനിമോള്‍ക്ക് പിച്ച വെച്ച് നടക്കാന്‍ പോലും സാധിക്കുകയുള്ളു. വായാട് കോറോം കുടിയന്‍ ഷാജി, റോഷ്‌നി ദമ്പതികളുടെ മകളാണ് ഷാനിമോള്‍. ഷാനിമോളുടെ സഹോദരന്‍ ഇഷാനും ഇതേ അസുഖം തന്നെയാണ്.
ഇഷാന് അമേരിക്കയിലെ ഒരു എന്‍ ജി ഒ സംഘടന വഴി ചികിത്സ നടക്കുന്നുണ്ടെങ്കിലും ഷാനി മോള്‍ക്ക് ആവശ്യമായ 6 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായം തേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ ഷാനി മോള്‍ക്ക് ചികിത്സാ സഹായത്തിന് വേണ്ടി ചാരിറ്റി എന്ന നിലയില്‍ സര്‍വീസ് നടത്തിയിരുന്നു.

എന്നാല്‍ പിന്നീട് ബസ് സമരം ആരംഭിച്ചതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവ സമാപന ദിവസം ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25 സ്‌ക്വാഡുകള്‍ രൂപീകരിച്ച് ക്ഷേത്ര പരിസരത്ത് ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിച്ചിരുന്നു. 2.52 ലക്ഷം രൂപയാണ് അന്നത്തെ പിരിവിലൂടെ ലഭിച്ചിരുന്നത്. രണ്ട് സ്വകാര്യ ബസുകളാണ് കഴിഞ്ഞ ദിവസം ഷാനിമോളുടെ ചികിത്സാ സഹായം സ്വരൂപിക്കാന്‍ സര്‍വീസ് നടത്തിയത്.
കുടുതല്‍ ബസുടമകള്‍ ഷാനിമോള്‍ക്കായി രംഗത്ത് വരുമെന്ന പ്രതീക്ഷയിലാണ് സഹായ സമിതി ഭാരവാഹികള്‍. വിവിധ വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്ത് സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിലൂടെ തുക സമാഹരണത്തിനുള്ള പദ്ധതികളും നാട്ടുകാര്‍ ആവിഷ്‌ക്കരിച്ച് വരുന്നുണ്ട്.
പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ ചെയര്‍മാനും പി സി റഷീദ് ജനറല്‍ കണ്‍വീനറും ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ ട്രഷററുമായുള്ള ചികിത്സാ സഹായ കമ്മിറ്റിയാണ് ഷാനിമോള്‍ക്ക് വേണ്ടി സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സഹായങ്ങള്‍ 91-7902391355 എന്ന ഗൂഗിള്‍ പേ നമ്പറിലോ ഫെഡറല്‍ ബാങ്ക് തളിപ്പറമ്പ് ബ്രാഞ്ചിലെ 11270200017719 എന്ന അക്കൗണ്ട് നമ്പറിലേക്കോ (IFS Code FDRL0001127) അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications