നവകേരളം പച്ചത്തുരുത്ത് പദ്ധതി: സംസ്ഥാനത്ത് 2000 ഏക്കറില്‍ പച്ചത്തുരുത്ത് സ്യഷ്ടിക്കും:മുഖ്യമന്ത്രി
ഇരിട്ടി: പ്രകൃതിയെ സംരക്ഷിച്ചുക്കൊണ്ടുള്ള സുസ്ഥിര വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 ഏക്കറില്‍ പച്ചത്തുരുത്ത് സ്യഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നവകേരളം പച്ചത്തുരുത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പന്‍ക്കാവില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.710ഏക്കര്‍ പച്ചതുരുത്തുകളാണ് സംസ്ഥാന സര്‍ക്കാറിന്റെ അധീനതയിലുള്ളത്.

ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2000 ഏക്കര്‍ എന്ന ലക്ഷ്യം വൈകാതെ കൈവരിക്കും.പരിസ്ഥിതി സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ടതാണ്. അതിനായി നടത്തുന്ന അദ്ധ്വാനം ഒരിക്കലും പാഴായി പോകില്ല. വരും തലമുറക്ക് നിലനില്പ്പിനായുള്ള ഘടകം കൂടിയാണിത്. നാട്ടിന്‍ പുറങ്ങളിലെ കാവുകള്‍ ആവാസ കേന്ദ്രങ്ങളായിരുന്നു.
കാവുകളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവുകളും നാം പരിഹരിക്കേണ്ടതായിട്ടുണ്ട്. 158 ഏക്കര്‍ പച്ചതുരുത്തുകളില്‍ നടത്തിയ പഠനത്തില്‍ 641ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഹരിത കേരള മിഷന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ പച്ചതുരുത്തുകള്‍ രൂപപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലോകത്തിന് ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കേരളവും അനുഭവിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി വനാതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് അങ്കലാപ്പുണ്ടാക്കുന്നതാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. വനാതിര്‍ത്തിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ജനങ്ങളോടൊപ്പം നില്‍ക്കുമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. വനം സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.












Click it and Unblock the Notifications