ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്‌തത് മൂന്ന് മണിക്കൂറിലേറെ; നടപടി അതീവ സുരക്ഷയിൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് ചോദ്യം ചെയ്‌തത് മൂന്ന് മണിക്കൂറിലേറെ. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ അജിത്ത് കുമാർ, കണ്ണൂർ അസി. പോലീസ് കമ്മിഷണർ ടികെ രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ചൊവ്വാഴ്ച്ച വൈകിട്ട് 3.15നാണ് ദിവ്യയെ കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ചോദ്യം ചെയ്യൽ.
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ദിവ്യ സ്വന്തം വീടിന് സമീപത്തുള്ള സ്ഥലത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഈ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലുള്ള ഔദ്യോഗിക താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ശ്രീകണ്‌ഠാപുരത്തിനടുത്ത് നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ പിപി ദിവ്യ യാത്രയയപ്പ് സമ്മേളനത്തിൽ അധിക്ഷേപകരമായ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിൽ എഡിഎം നവീൻ ബാബു ജീവനൊടുക്കിയെന്നാണ് പോലിസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
കേസിലെ ഒന്നാം പ്രതിയാണ് ദിവ്യ. മറ്റുള്ളവർ ഇതുവരെ പ്രതി പട്ടികയിൽ വന്നിട്ടില്ല. സംഭവത്തിൽ ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടരന്വേഷണം വിപുലീകരിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന. എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ജീവനക്കാരൻ ടിവി പ്രശാന്തനെ കേസിലെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.












Click it and Unblock the Notifications