നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി, കെഎസ്‌യു പ്രതിഷേധത്തിൽ സംഘർഷം
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചു കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ ആർ അജിത്ത് കുമാർ, കണ്ണൂർ അസി. പോലീസ് കമ്മിഷണർ ടികെ രത്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്‌തതിനു ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്വന്തം വീടായ ഇരിണാവിന് അടുത്തുള്ള പ്രദേശത്തുനിന്നും പിപി ദിവ്യ കീഴടങ്ങിയത്. ഇതിനു ശേഷം ഇവരെ വൻ സുരക്ഷാ ക്രമീകരണങ്ങളോടെ പോലീസ് വാഹനവ്യൂഹത്തിൽ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ഇതിനിടെയിൽ കണ്ണൂർ തളാപ്പ് റോഡിൽ നിന്നും കെഎസ്‌യു പ്രവർത്തകർ വാഹന വ്യൂഹത്തിനു നേരെ മുദ്രാവാക്യങ്ങളുമായി ചാടിവീണിരുന്നു. കൊടികളുയർത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഗണിച്ചു കൊണ്ടു വാഹനവ്യൂഹം അതിവേഗം കടന്നു പോവുകയായിരുന്നു.

ശേഷം ദിവ്യയുടെ അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്ന പോലീസ് ജീപ്പിന് മുൻപിലേക്കും മുദ്രാവാക്യം വിളിച്ച് കെ.എസ്.യു പ്രവർത്തകർ ചാടി വീണു. ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയതിനു ശേഷമാണ് പോലീസ് വാഹനം ജില്ലാ ആശുപത്രിയിലേക്ക് പോയത്. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപിലാണ് ദിവ്യയെ ഹാജരാക്കുക. നേരത്തെ പോലീസ് റിപ്പോർട്ട് സമർപ്പിച്ചതും തളിപ്പറമ്പ് കോടതിയിലായിരുന്നു.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് പിപി ദിവ്യയുടെ അറസ്‌റ്റിലേക്ക് പോലീസ് നീങ്ങിയത് ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ദിവ്യയോട് കീഴടങ്ങാൻ സിപിഎം ജില്ലാ നേതൃത്വവും നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ദിവ്യ ചൊവ്വാഴ്ച്ച പകൽ നാടകീയമായി കീഴടങ്ങിയത്. ഇതോടെ പതിനൊന്നു ദിവസം നീണ്ടുനിന്ന രാഷ്ട്രീയവിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വിരാമമായത്.
പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും പോഷക സംഘടനകളും ബിജെപിയും വിവിധ അനുകൂല സംഘടനകളും സർവീസ് സംഘടനകളും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ഓഫിസ് മാർച്ച് ഉൾപ്പെടെ നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. പ്രമുഖ സിപിഎം അഭിഭാഷകനായ കെ വിശ്വനാണ് പിപി ദിവ്യയ്ക്കു വേണ്ടി മുൻകൂർ ജാമ്യ ഹരജി നൽകിയത്. എന്നാൽ പ്രൊസിക്യുഷൻ നിരത്തിയ വാദങ്ങൾ പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയത്.












Click it and Unblock the Notifications