നവീൻ ബാബുവിന്റെ മരണം; പ്രശാന്തന്റെ മൊഴിയെടുത്തു, അന്വേഷണ സംഘം ഇനി പത്തനംതിട്ടയിലേക്ക്
കണ്ണൂർ: എഡിഎം കെ നവീന്‍ ബാബുവിനെതിരായ മുഖ്യമന്ത്രിക്ക് നൽകിയപരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് സംരഭകൻ ടിവി പ്രശാന്തന്‍ മൊഴി നൽകി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രത്യേക അന്വേഷണ സംഘം ടിവി പ്രശാന്തന്റെ മൊഴിയെടുത്തപ്പോഴാണ് ഈ കാര്യം പറഞ്ഞത്. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ടിവി പ്രശാന്തന്‍ മൊഴി നല്‍കി.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രശാന്തനെ വിളിച്ചു വരുത്തുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എഡിഎമ്മിന്റെ മരണ ശേഷണാണ് ടി വി പ്രശാന്തന്റെ പരാതി പുറത്ത് വന്നത്. അതിലെ വൈരുദ്ധ്യങ്ങളുലൂടെ പരാതി വ്യാജമാണെന്ന് പിന്നീട് മനസിലായി. ഇക്കാര്യത്തില്‍ ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് പ്രശാന്തിന്റെ പ്രതികരണം എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി എന്തുകൊണ്ടു പരാതി നൽകിയില്ലെന്ന ചോദ്യത്തിന് പ്രശാന്തന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.

എഡിഎം നവീൻ ബാബു ചെങ്ങളായിയിൽ തുടങ്ങാനിരുന്ന പെട്രോൾ പമ്പിനായി തന്നിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രശാന്ത് ബാബു പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറഞ്ഞു. സഹകരണ ബാങ്കിൽ നിന്നും സ്വർണപണയ വായ്പയെടുത്താണ് പണം നൽകിയത്. ഇതിനായി പള്ളിക്കുന്നിലെ താമസ സ്ഥലത്തു നിന്നും കണ്ടിരുന്നതായി പ്രശാന്ത് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിനിടെ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിൻ്റെ വീടായ പത്തനംതിട്ടയിലെ മലയാലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.
നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ രണ്ട് പെൺമക്കൾ, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെയും മറ്റു ബന്ധുക്കളുടെയും മൊഴികളാണ് ശേഖരിക്കുക. ഇതോടെ അന്വേഷണം അന്തിമ ഘട്ടത്തിലെത്തും. മരണമടഞ്ഞദിവസം രാത്രി നവീൻ ബാബു ആരെയൊക്കെയാണ് ഫോണിൽ വിളിച്ചതെന്ന് അറിയാനാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കുന്നത്. ഇതിൻ്റെ സമയ വിവരങ്ങൾ രേഖപ്പെടുത്തും. സ്ഥലം മാറ്റത്തിൻ്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ റിസർവ്വ് ചെയ്ത നവീൻ ബാബു എന്തുകൊണ്ടു തിരിച്ച് താമസ സ്ഥലത്ത് എത്തിയെന്ന ചോദ്യവും പ്രത്യേക അന്വേഷണത്തിനുണ്ട്. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കുന്നത്.












Click it and Unblock the Notifications